ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ കാനഡ; മുസ്‌ലിംകളെ ചേര്‍ത്തുപിടിച്ച് ജസ്റ്റിന്‍ ട്രൂഡോ
കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പള്ളിയുടെ പടിക്കെട്ടില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷം ട്രൂഡോ വ്യക്തമാക്കി
ഒട്ടാവ: സായാഹ്ന സവാരിക്കിറങ്ങിയ മുസ്‌ലിം കുടുംബത്തെ മതവെറി പൂണ്ട തീവ്ര ക്രൈസ്തവ യുവാവ് പ്രകോപനമേതുമില്ലാതെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാനഡ. ഒന്‍ാരിയോയിലെ ലണ്ടനില്‍ റോഡ് മുറിച്ചുകടക്കാന്‍ സിഗ്‌നല്‍ കാത്തുനിന്ന കുടുംബത്തെയാണ് മീഡിയന്‍ മറികടന്നെത്തി പിക്ക്അപ്പ് ട്രക്ക് ഉപയോഗിച്ച് മനപൂര്‍വം ഇടിച്ചുവീഴ്ത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ 20കാരനായ ക്രിസ്ത്യാനിയായ നഥാനിയേല്‍ വെല്‍റ്റ്മാനെതിരേ ജനരോഷം ഉയര്‍ന്നുപൊങ്ങുകയാണ്. ഞായര്‍ രാത്രിയായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം.
2017ല്‍ ക്യുബക്കിലെ പള്ളിയില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തെ ഓര്‍മിപ്പിക്കുന്നതാണ് കൗമാരക്കാരി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെടുകയും ഒമ്പതു വയസ്സുകാരന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത പിക്ക് അപ്പ് ആക്രമണമെന്നാണ് കനേഡിയന്‍ ജനത വിലയിരുത്തുന്നത്.
കാനഡയിലെ വിവിധ നഗരങ്ങളിലാണ് കൊല്ലപ്പെട്ട കുടുംബത്തിന് അനുശോചനമര്‍പ്പിച്ച് അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്.കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന ലണ്ടന്‍ നഗരത്തിലെ മസ്ജിദില്‍ കൊല്ലപ്പെട്ട മൂന്നു തലമുറയില്‍പെട്ട മുസ്‌ലിം കുടുംബത്തെ അനുസ്മരിച്ച് ചൊവ്വാഴ്ച വൈകീട്ട് നടന്ന അനുസ്മരണച്ചടങ്ങില്‍ ആയിരിക്കണക്കിന് പേര്‍ക്കൊപ്പം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പങ്കാളിയായി.
കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പള്ളിയുടെ പടിക്കെട്ടില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷം ട്രൂഡോ വ്യക്തമാക്കി. 'ഇതൊരു പൈശാചിക വൃത്തിയായിരുന്നു. എന്നാല്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്നവരുടെ വെളിച്ചവും അഫ്‌സല്‍ കുടുംബത്തിന്റെ ജീവിതത്തിന്റെ വെളിച്ചവും എല്ലായ്‌പ്പോഴും ആ ഇരുട്ടിനെ മറികടക്കുന്നതായിരിക്കുമെന്നും' ട്രൂഡോ പറഞ്ഞു. അനുസ്മരണച്ചടങ്ങുകള്‍ക്കായി ഒന്റാരിയോ ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയായിരുന്നു.
'ഇതാണ് ഞങ്ങളുടെ നഗരം'- ലണ്ടന്‍ മുസ്‌ലിം പള്ളി ഭാരവാഹി ബിലാല്‍ റഹാല്‍ ജനക്കൂട്ടത്തോട് പറഞ്ഞു. 'നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറവും വിശ്വാസവും നിങ്ങള്‍ ജനിച്ച സ്ഥലവും നിങ്ങളെ മോശമായി ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഞങ്ങളുടെ നഗരമെന്നും ഞങ്ങള്‍ എവിടെയും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ പ്രതിപക്ഷ നേതാവ് എറിന്‍ ഒ ടൂള്‍, എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍, ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് എന്നിവരും പങ്കെടുത്തു.
ടൊറന്റോ, വാന്‍കൂവര്‍ തുടങ്ങി കാനഡയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും സമാന തരത്തിലുള്ള അനുസ്മരണ സമ്മേളനങ്ങല്‍ നടന്നു. #OurLondonFamily ഹാഷ്ടാഗില്‍ ചൊവ്വാഴ്ച വൈകീട്ട് പതിനായിരത്തോളം ട്വീറ്റുകള്‍ പോസ്റ്റുചെയ്തു, സോഷ്യല്‍ മീഡിയയില്‍ പലരും തങ്ങളുടെ ഡിപി ലണ്ടന്‍ മോസ്‌കിന്റെ ചിത്രമാക്കി മാറ്റുകയും ചെയ്തിരുന്നു.
സല്‍മാന്‍ അഫ്‌സാല്‍ (46) ഭാര്യ മദിഹ സല്‍മാന്‍ (44), അവരുടെ 15 വയസ്സുള്ള മകള്‍ യംന അഫ്‌സല്‍, അഫ്‌സാലിന്റെ 74 വയസ്സുള്ള മാതാവ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ 9 വയസ്സുള്ള മകന്‍ ഫായിസ് അഫ്‌സല്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.
ടൊറന്റോയില്‍ നിന്ന് 200 കിലോമീറ്റര്‍ (124.27 മൈല്‍) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 400,000ത്തിലധികം ആളുകള്‍ താമസിക്കുന്ന ലണ്ടനിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. പിക്കപ്പ് ട്രക്ക് ഓടിച്ച 20 കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
കാനഡയിലെ പ്രധാനനഗരമായ ടൊറന്റോയില്‍നിന്ന് 200 കിലോമീറ്റര്‍ മാറിയുള്ള ചെറുപട്ടണമായ ലണ്ടനില്‍ അറബ് വംശജരാണ് ഏറ്റവും വലിയ ന്യൂനപക്ഷം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരാണ് രണ്ടാമത്.