കോണ്‍ഗ്രസിനും സിപിഐയ്ക്കും പിന്നാലെ സിപിഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Update: 2024-03-29 17:12 GMT

ന്യൂഡല്‍ഹി: നികുതി കുടിശ്ശികയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസിനും സിപി ഐയ്ക്കും കോടികള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ സിപിഎമ്മിനെതിരേയും നടപടി. 15 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി. അതേസമയം, നോട്ടീസിനെ ചോദ്യം ചെയ്ത് സിപിഎം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന് രണ്ടാമത് നല്‍കിയ നോട്ടീസില്‍ 1800 കോടി അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചെന്നു പറഞ്ഞാണ് സിപിഐയോട് 11 കോടി പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസിനെതിരേ കോടതിയെ സമീപിക്കാനാണ് സിപിഐയുടെയും നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലാണ്, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കുടിശ്ശികയുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ആദായനികുതി വകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വന്‍ തുക പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ബിജെപിയുടെ ഇടപാടുകളിലും പൊരുത്തക്കേടുകളുണ്ടെന്നും തങ്ങള്‍ക്കെതിരായ നടപടിയുടെ രീതിയിലാണെങ്കില്‍ ബിജെപിക്കെതിരേ 4000കോടിയിലേറെ രൂപ പിഴയീടാക്കണമെന്നുമാണ് കോണ്‍ഗ്രസ് തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ തടസ്സപ്പെടുത്താന്‍ വേണ്ടി കേന്ദ്ര ഏജന്‍സികളെ വന്‍തോതില്‍ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

Tags:    

Similar News