കെട്ടിച്ചമച്ച കേസുകളില്‍പെടുത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലിടുന്നത് വര്‍ധിച്ചു: ജസ്റ്റിസ് ലോക്കൂര്‍

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അവര്‍ അനുഭവിച്ച പീഡനത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതാണ്. പക്ഷേ, നഷ്ടപരിഹാരം കൊണ്ടു പരിഹരിക്കാവുന്നതല്ല അവര്‍ അനുഭവിച്ച മാനസിക പീഡനമെന്നും സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ജസ്റ്റിസ് ലോക്കൂര്‍ പറഞ്ഞു.

Update: 2020-09-29 06:03 GMT

ന്യൂഡല്‍ഹി: കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയവ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലിടുന്ന രീതി വര്‍ധിക്കുകയാണെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍. 2018ല്‍ മാത്രം രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത് 70 പേര്‍ക്കെതിരേയാണ്. എന്നാല്‍, എല്ലാവരുംതന്നെ കുറ്റവിമുക്തരാക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അവര്‍ അനുഭവിച്ച പീഡനത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതാണ്. പക്ഷേ, നഷ്ടപരിഹാരം കൊണ്ടു പരിഹരിക്കാവുന്നതല്ല അവര്‍ അനുഭവിച്ച മാനസിക പീഡനമെന്നും സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ജസ്റ്റിസ് ലോക്കൂര്‍ പറഞ്ഞു.

രാജ്യത്തു വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമങ്ങള്‍ക്കു പഞ്ഞമില്ലെന്നും നിരപരാധികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു കോടതികളാണെന്നും സുപ്രിം കോടതി മുന്‍ ജഡ്ജി എ കെ പട്‌നായിക് പറഞ്ഞു. സിബിഐ, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങി പല സംവിധാനങ്ങളെയും വ്യക്തികള്‍ക്കെതിരേ യഥേഷ്ടം ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗിച്ചുള്ള നടപടികള്‍ മാത്രമല്ല, സാധാരണക്കാര്‍ കോടതികളില്‍ നേരിടുന്ന പ്രശ്‌നങ്ങളും മൗലികാവകാശ ലംഘനമായി പരിഗണിക്കണമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്തി ചെലമേശ്വര്‍ പറഞ്ഞു. സര്‍ക്കാരുകള്‍ക്കുള്ള അധികാരം എന്തും ചെയ്യാനുള്ളതല്ലെന്നും ഭരണഘടന അതിനു പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി എ കെ സിക്രി പറഞ്ഞു.

ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, അപൂര്‍വാനന്ദ്, പ്രശാന്ത് ഭൂഷണ്‍, അഞ്ജന പ്രകാശ് തുടങ്ങിയവരും പങ്കെടുത്ത വെബിനാറില്‍ ഡോ. മോഹന്‍ ഗോപാലായിരുന്നു മോഡറേറ്റര്‍.

Tags:    

Similar News