യുദ്ധം നിര്‍ത്തണമെന്ന് യുഎന്നില്‍ പ്രമേയം; 120 രാജ്യങ്ങളുടെ പിന്തുണ, ഇന്ത്യ വിട്ടുനിന്നു
കാലഫോര്‍ണിയ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. ജോര്‍ദാന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നപ്രമേയത്തെ 120 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഗസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കാനുള്ള തടസ്സങ്ങള്‍ ഉടനടി നീക്കണം. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം, വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.