പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരുടെയും നയതന്ത്ര പ്രതിനിധികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യ നിരോധിച്ചു

Update: 2022-06-28 14:22 GMT

ന്യൂഡല്‍ഹി: നിരവധി പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരുടെയും നയതന്ത്ര പ്രതിനിധികളുടെയും പ്രമുഖ വ്യക്തികളുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യ നിരോധിച്ചു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ഇന്ത്യയുടെ നടപടി. ഇസ്‌ലാമാബാദിലെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം ഇന്ത്യ തടഞ്ഞുവെന്നതില്‍ ആഴത്തില്‍ ആശങ്കയുണ്ടെന്ന് നിരോധിത അക്കൗണ്ടുകളുടെ പട്ടിക പുറത്തുവിട്ട് മന്ത്രാലയം വ്യക്തമാക്കിയതായി ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ലണ്ടനിലെ ദി ന്യൂസ്, ജിയോ ന്യൂസ് റിപോര്‍ട്ടര്‍, മുര്‍താസ അലി ഷാ, സിജെ വെര്‍ലെമാന്‍ എന്നിവരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം കമ്പനി തടഞ്ഞതെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ വിവരങ്ങള്‍ അറിയുന്നതിനുള്ള ഇടം കുറയുന്നത് അത്യന്തം ഭയാനകമാണ്- ട്വീറ്റ് കൂട്ടിച്ചേര്‍ത്തു. യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന്‍ എംബസിയുടെ അക്കൗണ്ടുകളും നിരോധിച്ച അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാധകമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. നിരോധിച്ച അക്കൗണ്ടുകള്‍ ഉടനടി പുനസ്ഥാപിക്കാനും ജനാധിപത്യപരമായ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പാകിസ്താന്‍ സര്‍ക്കാര്‍ കമ്പനിയോട് അഭ്യര്‍ഥിച്ചു.

മുര്‍താസ അലി ഷായുടെ സ്ഥിരീകരിച്ച Twitter @MurtazaViews അക്കൗണ്ടില്‍ ഏകദേശം 550,000 ഫോളോവേഴ്‌സുണ്ട്. 17 വര്‍ഷത്തിലേറെയായി അദ്ദേഹം ദി ന്യൂസ്, ജിയോ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. തന്റെ അക്കൗണ്ടിനെതിരായ ഇന്ത്യയുടെ നിയമനടപടിയെക്കുറിച്ച് ട്വിറ്ററില്‍ നിന്ന് തനിക്ക് ഇ- മെയില്‍ അറിയിപ്പ് ലഭിച്ചതായി ഷാ സ്ഥിരീകരിച്ചു.

Tags:    

Similar News