ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ തിരിച്ചടി അനിവാര്യ ഘട്ടത്തില്‍; ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്തു; തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് പാകിസ്താന്‍

നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരേ ഉചിതമായ തിരിച്ചടി നല്‍കാന്‍ പാകിസ്താന് അധികാരമുണ്ടെന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. വിദേശകാര്യ ഓഫിസില്‍നടന്ന നിര്‍ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-02-26 07:13 GMT

ന്യൂഡല്‍ഹി: 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമയിലെ ആക്രമണത്തിന് പാക് മണ്ണില്‍ കടന്നു കയറി ശക്തമായ മറുപടി നല്‍കിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. ഭീകരരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിനാണ് പാകിസ്ഥാനില്‍ ആക്രമണം നടത്തിയത്.

ഭീകരര്‍ക്കെതിരെ നടപടി വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ പാകിസതാന്‍ തയ്യാറായില്ല. ആക്രമണം ജയ്‌ഷെ മുഹമ്മദിനെ മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും ഗോഖല വ്യക്തമാക്കി.പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. സായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപോര്‍ട്ട്. നിരവധി ഭീകരരെ വധിച്ചെന്നും അദ്ദേഹം പറഞ്ഞു.

12 മിറാഷ് യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ദൗത്യത്തില്‍ 1000 കിലോ സ്‌ഫോടകവസ്തുവാണ് താവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുണ്ടെന്നാണ് സൂചന.


അതിനിടെ, നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരേ ഉചിതമായ തിരിച്ചടി നല്‍കാന്‍ പാകിസ്താന് അധികാരമുണ്ടെന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. വിദേശകാര്യ ഓഫിസില്‍നടന്ന നിര്‍ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും മുന്‍ വിദേശകാര്യ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പാകിസ്താനെ മൂടിക്കൊണ്ടിരിക്കുകയാണെന്നും അതിന് തങ്ങള്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ കണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം അദ്ദേഹത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News