ജയ്‌ഷെ നേതാവ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന് പാക് മാധ്യമം

ജയ്‌ഷെ നേതാവ് മരിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന റിപോര്‍ട്ട് ജിയോ ഉര്‍ദു ന്യൂസ് പുറത്തുവിട്ടത്.

Update: 2019-03-04 04:35 GMT

ഇസ്ലാമാബാദ്: ജയ്‌ഷെ നേതാവ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന് പാക് മാധ്യമം. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ഉര്‍ദു ന്യൂസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ജയ്‌ഷെ നേതാവ് മരിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന റിപോര്‍ട്ട് ജിയോ ഉര്‍ദു ന്യൂസ് പുറത്തുവിട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജിയോ ഉര്‍ദു ന്യൂസ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയില്ല.

അതേസമയം, അസ്ഹറിനെ സംബന്ധിച്ച റിപോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പാക് അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഫവാദ് ചൗധരി ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി പിടിഐയോട് വ്യക്തമാക്കി.

പാക് പഞ്ചാബിലെ ഭവല്‍പൂര്‍ സ്വദേശിയായ അസ്ഹര്‍ 2000ത്തിലാണ് ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയ്ക്കു രൂപം നല്‍കിയത്. ഇന്ത്യന്‍ ജയിലിലായിരുന്ന അസ്ഹറിനെ 1999ല്‍ എന്‍ഡിഎ സര്‍ക്കാരാണ് മോചിപ്പിച്ചത്. അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ വിമാന യാത്രക്കാര്‍ക്ക് പകരമായിട്ടാണ് അസ്ഹറിനെ എന്‍ഡിഎ മോചിപ്പിച്ചത്.

Tags:    

Similar News