പുല്‍വാമയില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ കമാന്‍ഡര്‍ക്ക് മസൂദ് അസറുമായി ഫോണ്‍ ബന്ധമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം

Update: 2021-08-02 09:25 GMT

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ നേതാവ് മുഹമ്മദ് ഇസ്മയില്‍ അല്‍വിക്ക് പാകിസ്താനി ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദിലെ പ്രമുഖരുമായി ടെലഫോണ്‍ ബന്ധമുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി.

കൊല്ലപ്പെട്ടയാളില്‍ നിന്ന് കണ്ടെടുത്ത മൂന്ന് ഐഫോണില്‍ നിന്ന് ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നത്.

ജൂലൈ 31നാണ് പുല്‍വാമയിലെ ത്രാളിലെ ഹന്‍ഗല്‍മാര്‍ഗ് വനമേഖലയില്‍ വച്ച് സുരക്ഷാസേനയും പോലിസും നടത്തിയ ആക്രമണത്തില്‍ അല്‍വി കൊല്ലപ്പെടുന്നത്. 2019ല്‍ പുല്‍വാമയില്‍ സൈന്യത്തിനെതിരേ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്നാണ് സൈന്യം പറയുന്നത്.

അന്നത്തെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇവരില്‍ നിന്ന് എകെ 47, ഏതാനും പിസ്റ്റളുകള്‍ എന്നിവ കണ്ടെടുത്തു. സമീര്‍ ദര്‍ എന്നയാളാണ് മരിച്ചവരില്‍ രണ്ടാമത്തെയാള്‍. 

ഇന്ത്യന്‍ സുരക്ഷാസേനക്കാര്‍ക്കിടയില്‍ മാര എന്ന പേരില്‍ അറിയപ്പെടുന്ന മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റാവുഫ് അസറുമായി നേരിട്ട് ബന്ധമുള്ളയാളാണ് അല്‍വിയെന്ന് കരുതുന്നു. കൂടുതല്‍ തെളിവുകള്‍ക്കായുള്ള ഐഫോണ്‍ പരിശോധന തുടരുന്നു.

മസൂദ് അസറിനെ തീവ്രവാദിപ്പട്ടികയില്‍ പെടുത്തണമെന്നും ഇന്ത്യക്ക് കൈമാറണമെന്നുമുളള ആവശ്യം നിരവധി കാലങ്ങളായി ഇന്ത്യ ഉയര്‍ത്തുന്നുണ്ട്. പുതിയ കണ്ടെത്തല്‍ ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 

Tags:    

Similar News