വീണ്ടും ചൈനയുടെ എതിര്‍പ്പ്; മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം പാസായില്ല
വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വാഷിങ്ടണ്‍: ജെയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ചൈനയുടെ എതിര്‍പ്പ് കാരണം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ വീണ്ടും പാസായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്‍മേല്‍ ബുധനാഴ്ച രാത്രി വൈകിയാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാംതവണയും പ്രമേയത്തെ എതിര്‍ത്തതോടെയാണ് മസ്ഊദ് അസ്ഹറിനു തുണയായത്. പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് മസ്ഊദ് അസ്ഹറിനെതിരേ പ്രമേയം കൊണ്ടുവന്നത്. അതേസമയം, പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇന്ത്യയുടെ വിമര്‍ശനം. രക്ഷാസമിതിയിലെ ഒരു അംഗം എതിര്‍ത്തതിനാല്‍ മസ്ഊദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാനായില്ലെന്നാണ് പ്രസ്താവനയിലുള്ളത്. നേരത്തേ, പ്രമേയത്തിന്‍മേല്‍ നിലപാട് അറിയിക്കാന്‍ സമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യുഎന്‍ 10 ദിവസത്തെ സമയം നല്‍കിയിരുന്നു. വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. 2009, 2016, 2017 വര്‍ഷങ്ങളിലാണ് മസ്ഊദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന മുമ്പ് എതിര്‍ത്തിരുന്നത്. മുമ്പ് ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്ന മസ്ഊദ് അസ്ഹറിനെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നാണ് വിട്ടുകൊടുത്തത്.