ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്‌കറെ ത്വയിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ദാവൂദ് ഇബ്രാഹിം, മുംബൈ ആക്രമണക്കേസ് പ്രതി സഖിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ 'ഭീകര'രായി പ്രഖ്യാപിച്ചു. പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഇതുവരെ സംഘടനകളെയാണ് 'ഭീകര സംഘടന'കളായി പ്രഖ്യാപിച്ചിരുന്നത്. ആദ്യമായിട്ടാണ് വ്യക്തികളെ 'ഭീകരരായി' പ്രഖ്യാപിക്കുന്നത്.
എന്നാല്‍ സംഘടനയെ കരിമ്പട്ടിയില്‍ പെടുത്തുന്നതോടെ ഇതിലെ അംഗങ്ങള്‍ മറ്റു പേരില്‍ സംഘടന രൂപീകരിച്ച് സായുധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. ഭേദഗതി ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) വ്യക്തികളെയും 'ഭീകര'രായി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
ആഗസ്ത് രണ്ടിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയത്. മൗലാന മസൂദ് അസറും ഹാഫിസ് സഈദും സായുധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന വാദത്തിന്റ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.