മുംബൈ ആക്രമണം; ഹാഫിസ് സഈദിനു 31 വര്‍ഷം തടവ്
രണ്ട് കേസുകളില്‍ ആയിട്ടാണ് ഹാഫിസ് സഈദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.
കറാച്ചി: മുംബൈ ആക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദിനു 31 വര്‍ഷം തടവ്. പാകിസ്താന്‍ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തുദ്ദഅ്‌വയുടെ തലവനാണ് ഹാഫിസ് സഈദ്.രണ്ട് കേസുകളില്‍ ആയിട്ടാണ് ഹാഫിസ് സഈദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. 340,000 രൂപ പിഴയും ഹാഫിസ് സഈദിന് ചുമത്തിയിട്ടുണ്ട്. ആദ്യ കേസില്‍ സഈദിന് 16 വര്‍ഷവും മറ്റൊരു കേസില്‍ 15 വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ഹാഫിസ് സഈദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്‌റസയും സര്‍ക്കാറിനോട് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2020ല്‍, സായുധ പ്രവര്‍ത്തനത്തിന് ഫണ്ടിങ് നടത്തിയെന്ന കേസില്‍ ഹാഫിസ് സഈദിനെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 70 കാരനായ ഹാഫിസ് സഈദ് സായുധ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഹാഫിസ് സഈദിനെതിരേ യുഎപിഎ ചുമത്തിയിരുന്നു. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.