തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. 171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 9 പന്ത് ബാക്കിനില്‍ക്കെയാണ് അനായാസ ജയം നേടിയത്. ഇതോടെ മൂന്നു ട്വന്റി-20 മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ ജയത്തോടെ ഒപ്പത്തിനൊപ്പമെത്തി. ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. വിന്‍ഡീസ് ഓപ്പണര്‍മാര്‍ കരുതലോടെയാണ് ബാറ്റേന്തിയത്. സിമ്മണ്‍സും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 73 റണ്‍സാണു നേടിയത്. ലൂയിസ് 35 പന്തില്‍ 40 റണ്‍സും സിമ്മണ്‍സ് 45 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെയും നിന്നു. ഹെറ്റ്‌മെയര്‍(23) ആണ് പുറത്തായ മറ്റൊരു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍. 18 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പുറനാണ് വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചത്. നാല് ബൗണ്ടറികളും രണ്ട് സിക്‌സറും അടങ്ങുന്നതാണ് നിക്കോളാസിന്റെ ഇന്നിങ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ വിക്കറ്റിന് 170 റണ്‍സാണു നേടിയത്. അവസാന ഓവറുകളിലെ ബാറ്റിങ് പരാജയമാണ് ഇന്ത്യയ്ക്കു കൂറ്റന്‍ സ്‌കോര്‍ തടഞ്ഞത്. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ ബാക്കിയുള്ള ഓവറുകളില്‍ നേടിയ വെറും 26 റണ്‍സാണ്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെടുത്തപ്പോഴേക്കും കെ എല്‍ രാഹുല്‍ പുറത്തായിരുന്നു. 56 റണ്‍സിലെത്തിയപ്പോഴേക്കും രോഹിതും ക്രീസ് വിട്ടു. പിന്നീടെത്തിയ യുവതാരം ശിവം ദ്യൂബ 30 പന്തില്‍ മൂന്നു ബൗണ്ടറിയും നാല് സിക്‌സറുകളും സഹിതം 54 റണ്‍സ് അടിച്ചെടുത്തത് ആതിഥേയര്‍ക്ക് ആശ്വാസമായി. അന്താരാഷ്ട്ര ട്വന്റി20യില്‍ ദ്യൂബയുടെ ആദ്യ അര്‍ധ സെഞ്ചുറിക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ് ലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അര്‍ധസെഞ്ച്വുറിക്കു പിന്നാലെ ദ്യൂബയെ വാല്‍ഷ് ഹെറ്റ്‌മെയറുടെ കൈകളിലെത്തിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 120ല്‍ നില്‍ക്കെ 17 പന്തില്‍ 19 റണ്‍സേ നേടിയ കോഹ് ലിയും പുറത്തായി. പിന്നാലെ 11 പന്തില്‍ 10 റണ്‍സ് നേടി ശ്രേയസ് അയ്യരും 11 പന്തില്‍ ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദര്‍ റണ്‍സൊന്നുമെടുക്കാതെയും ക്രീസ് വിട്ടു. 22 പന്തില്‍ 33 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയ്ക്കു മാന്യമായ സ്‌കോര്‍ നല്‍കിയത്.