സബാഷ് ടീം ഇന്ത്യ @ കാര്യവട്ടം
ഒടുവില്‍ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയത്തോടെ ടീം ഇന്ത്യ കപ്പുമുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് സ്‌കോര്‍ 31.5 ഓവറില്‍ 104ല്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5ാം ഓവറില്‍ ലക്ഷ്യം കണ്ടു.
നാലാം മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ അടിച്ചു പറത്തിയ രോഹിത് ശര്‍മയാണ് അവസാന ഏകദിനത്തിലെയും ടോപ് സ്‌കോറര്‍. 56 പന്തില്‍ അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളുമായി രോഹിത് 63 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോഹ്‌ലി 29 പന്തില്‍ 33 റണ്‍സെടുത്തു. ഇരുവരും അപരാജിതരായി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കളി മെനഞ്ഞപ്പോള്‍ ഇന്ത്യന്‍ ജയം ബാലികേറാമലയായില്ല. ആറു റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. പരമ്പരയിലുടനീളം മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 453 റണ്‍സെടുത്ത കോഹ്്‌ലി പരമ്പരയിലെ താരമായി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഇന്നലെ ഗ്രീന്‍ഫീല്‍ഡില്‍ കണ്ടത്. ടോസും തെളിഞ്ഞ അന്തരീക്ഷവും മുതലാക്കുന്നതില്‍ വിന്‍ഡീസ് പരാജയപ്പെട്ടു. ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിരയിലെ ഒരാള്‍ക്കും കളിയില്‍ താളം കണ്ടെത്താനായില്ല. ഈര്‍പ്പമുള്ള പിച്ചില്‍ ഉയര്‍ന്നുപൊങ്ങിയ ഭുവനേശ്വറിന്റെയും ബുംറയുടെ ഇന്‍സിങ്ങുകള്‍ക്ക് മുമ്പില്‍ വിന്‍ഡീസ് മുന്‍നിര നിസ്സഹായരായി. സ്‌കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പുതന്നെ ഭുവനേശ്വറിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ കീറണ്‍ പവല്‍(0) പുറത്തായി. പിന്നാലെ ബുംറയുടെ അടുത്ത ഓവറില്‍ ഷായി ഹോപും പൂജ്യത്തിന് മടങ്ങി. രവീന്ദ്ര ജഡേജയുടെ ഓര്‍ത്തഡോക്‌സ് സ്പിന്നാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മൂന്നുതാരങ്ങള്‍ക്ക് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. നാലാമനായി ഇറങ്ങിയ മാര്‍ലോണ്‍ സാമുവല്‍സിനും (38 പന്തില്‍ 24), ആറാമനായെത്തിയ ക്യാപ്റ്റന്‍ ജേസ്ണ്‍ ഹോല്‍ഡറിനുമാണ് (33 പന്തില്‍ 25) അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.ജഡേജ നാല് വിക്കറ്റുകള്‍ നേടി. ഖലീല്‍ അഹമ്മദും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകളും കേദര്‍ ജാദവിനും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ഓഷാനെ തോമസിന്റെ ഇന്‍സിങില്‍ ധവാന്‍ കുടുങ്ങി. എന്നാല്‍ പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കോഹ്്‌ലി രോഹിത്തിനൊപ്പം ചേര്‍ന്ന് 14.5 ഓവറില്‍ ലക്ഷ്യം നേടി. കോഹ്്‌ലിയെയും രോഹിതിനെയും പുറത്താക്കാനുള്ള മികച്ച അവസരങ്ങള്‍ വിന്‍ഡീസ് ടീമിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കെമര്‍ റോച്ചിന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ സെക്കന്റ് സ്ലിപ്പിലുണ്ടായിരുന്ന ഹോള്‍ഡര്‍ കോഹ്്‌ലിയുടെ ക്യാച്ച് നഷ്ടമാക്കി. ഓഷാനെ തോമസിന്റെ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിതിനെ കീപര്‍ ക്യാച്ച് ചെയ്‌തെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചതോടെ രോഹിതിന് ജീവന്‍ തിരിച്ചുകിട്ടി. പൊതുവില്‍ ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഗ്രീന്‍ഫീല്‍ഡിലേത്. എന്നാല്‍ പിച്ചിലെ ഈര്‍പ്പം റണ്ണൊഴിക്കിന് തടസ്സമായി. മികച്ച മല്‍സരം പ്രതീക്ഷിച്ചെത്തിയവരെ ഇത് നിരാശയിലാക്കി.
1988ലാണ് ഇതിനുമുമ്പ് തിരുവനന്തപുരത്ത് വിന്‍ഡീസും ഇന്ത്യയും തമ്മില്‍ കളിച്ചത്. അന്ന് വിവിയന്‍ റിച്ചാര്‍ഡ്‌സന്റെ നേതൃത്വത്തില്‍ വിന്‍ഡീസ് പട ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.