കൊറോണയെന്നും ചൈനീസെന്നും വിളിച്ച് ഇന്ത്യന്‍ വംശജനു ഇസ്രായേലില്‍ മര്‍ദ്ദനം
താന്‍ ചൈനക്കാരനല്ലെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും ആക്രമണകാരികളോട് വിശദീകരിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു സിങ്‌സണ്‍ പോലിസിനോട് പറഞ്ഞു
ജറുസലേം: ഇന്ത്യന്‍ വംശജനായ ജൂതനെ ചൈനീസെന്നും കൊറോണയെന്നും വിളിച്ച് ഇസ്രായേലില്‍ മര്‍ദ്ദിച്ചു. മണിപ്പൂരില്‍ നിന്നും മിസോറാമില്‍ നിന്നുമുള്ള ബ്‌നെ മെനാഷെ സമുദായത്തില്‍പെട്ട ആം ഷാലെം സിങ്‌സണെ(28)യാണ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ് പോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചാനല്‍ 13 റിപോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപ്രതികളെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പ്രമുഖ ഇസ്രായേലി ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു.
താന്‍ ചൈനക്കാരനല്ലെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും ആക്രമണകാരികളോട് വിശദീകരിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു സിങ്‌സണ്‍ പോലിസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് സാക്ഷികളാരും ഉണ്ടായിരുന്നില്ല. സിസിടിവ ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് പോലിസ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് സിങ്‌സണ്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയത്.
ടിബേരിയാസിലെ ഭീകരവും വംശീയവുമായ ആക്രമണത്തിന്റെ റിപോര്‍ട്ട് അറിഞ്ഞ് ഞെട്ടിപ്പോയെന്ന് ബ്‌നെ മെനാഷെയില്‍നിന്നു ഇസ്രായേലിലേക്ക് കുടിയേറിയവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഷവേയ് ഇസ്രായേല്‍ എന്ന സംഘടനയുടെ ചെയര്‍മാനും സ്ഥാപകനുമായ മൈക്കല്‍ ഫ്രോണ്ട് പറഞ്ഞു. സംഭവത്തെ കുറിച്ച് ഇസ്രായേല്‍ പോലിസ് ഉടന്‍ അന്വേഷണം നടത്തണമെന്നും ക്രൂരമായ പ്രവൃത്തി ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.