യുകെയില്‍ പിരിഞ്ഞുകഴിയുകയായിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ്
23കാരനായ ജിഗുകുമാര്‍ സോര്‍ത്തിയെയാണ് കുറ്റക്കാരനെന്ന് കണ്ട് ലണ്ടന്‍ കോടതി ശിക്ഷിച്ചത്. 28 വര്‍ഷക്കാലം ഇയാള്‍ക്ക് തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകള്‍. 21 കാരിയായ ഭവിനി പ്രവീണാണ് കൊല്ലപ്പെട്ടത്.
ലണ്ടന്‍: യുകെയില്‍ പിരിഞ്ഞുകഴിയുകയായിരുന്ന ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 23കാരനായ ജിഗുകുമാര്‍ സോര്‍ത്തിയെയാണ് കുറ്റക്കാരനെന്ന് കണ്ട് ലണ്ടന്‍ കോടതി ശിക്ഷിച്ചത്. 28 വര്‍ഷക്കാലം ഇയാള്‍ക്ക് തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകള്‍. 21 കാരിയായ ഭവിനി പ്രവീണാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് ലീസെസ്റ്റര്‍ നഗരത്തിലെ വീട്ടില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.
ഭവിനിയുടെ വീട്ടിലെത്തിയ സോര്‍ത്തി കുറച്ചുസമയം അവരുമായി സംസാരിച്ചു. പിന്നീട് ഭവിനിയെ നിരവധി തവണ കുത്തുകയും അവിടെ നിന്നും കടന്നുകളയുകയുമായിരുന്നു. പിന്നീട് രണ്ടുമണിക്കൂറിനുശേഷം സോര്‍ത്തി തന്നെയാണ് പോലിസ് സ്റ്റേഷനിലെത്തി കൊലയെക്കുറിച്ച് പറയുകയും കീഴടങ്ങുകയും ചെയ്തത്. ഒന്നിലധികം തവണ കുത്തേറ്റതിനെത്തുടര്‍ന്നുണ്ടായ മുറിവുകള്‍ കാരണമാണ് ഭവിനി പ്രവീണ്‍ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഭയാനകവും ക്രൂരവും ദയയില്ലാത്തതുമായ കൊലപാതകമാണ് നടന്നതെന്ന് കോടതി വിലയിരുത്തി.
വെറും 21 വയസ് മാത്രമുള്ള, സുന്ദരിയായ, മിടുക്കിയായ ഒരു യുവതിയുടെ ജീവന്‍ നിങ്ങളെടുത്തുവെന്ന് കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് തിമോത്തി സ്‌പെന്‍സര്‍ ജിഗുകുമാര്‍ സോര്‍ത്തിയോട് പറഞ്ഞു. ഭാവിജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്ന യുവതിയായിരുന്നു ഭവിനിയെന്ന് ഈസ്റ്റ് മിഡ്ലാന്റ്‌സ് സ്പെഷ്യല്‍ ഓപറേഷന്‍ യൂനിറ്റ് മേജര്‍ ക്രൈം ടീമിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ കെന്നി ഹെന്റി പറഞ്ഞു. നല്ലൊരു കുടുംബത്തിലാണ് അവള്‍ വളര്‍ന്നത്. മാതാപിതാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു.
അവളെ പരിപാലിക്കുമെന്ന് വിശ്വസിച്ചിരുന്ന ആളുടെ കൈകൊണ്ട് അവളുടെ ജീവിതം ഇല്ലാതായത് അവര്‍ക്ക് വലിയ വേദനയായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ കോടതിയുടെ ശിക്ഷ അവളുടെ കുടുംബത്തിന് ആശ്വാസമുണ്ടാക്കുന്നതാണ്. കൊല ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമാണെന്ന് കോടതിയെ ബോധിപ്പിക്കുന്നതിന് ശക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലായിരുന്നു ഗുജറാത്ത് സ്വദേശികളായ ഇവരുടെ വിവാഹം നടന്നത്. പിന്നീട്, പങ്കാളിക്ക് ലഭിക്കുന്ന വിസയില്‍ 2018 ആഗസ്ത് മാസത്തിലാണ് ഭവിനിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. ഭവിനി പ്രവീണ്‍ തന്റെ ജീവിതം നശിപ്പിച്ചതായി ജിഗുകുമാര്‍ സോര്‍ത്തി ആരോപിച്ചിരുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.