ഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം സംസാരിക്കാനാണ് ഇതെന്ന് ഗവേഷകര്‍
കെയ്‌റോ: ഈജിപ്തില്‍ സ്വര്‍ണനാവും നഖവുമുള്ള പതിമൂന്ന് മമ്മികള്‍ കണ്ടെത്തി. മധ്യ ഈജിപ്തിലെ ഓക്‌സിറിങ്കസ് പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുഴിച്ചിടുന്ന ഒരു പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ കല്ലറയില്‍ നിന്നാണ് ഇവ ലഭിച്ചതെന്ന് ഗവേഷകര്‍ അറിയിച്ചു. ക്രി.മു. 304നും 30നും ഇടയിലെ ടോളമി കാലത്തെയാണ് ഈ മമ്മികള്‍. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജനറല്‍മാര്‍ ഈജിപ്ത് ഭരിച്ചിരുന്ന കാലമാണിതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രാലയം അറിയിച്ചു.
മരണശേഷം സംസാരിക്കാന്‍ കഴിയുമെന്ന വിശ്വാസത്താലാണ് സ്വര്‍ണം കൊണ്ടുള്ള നാവുകള്‍ മമ്മികളില്‍ വെച്ചിരുന്നത്. സ്വര്‍ണം ദൈവങ്ങളുടെ മാംസമാണെന്നാണ് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നതെന്ന് ഓക്‌സിറിങ്കസ് പ്രദേശത്ത് ഖനനം നടത്തുന്ന എസ്തര്‍ പോണ്‍സ് മെല്ലാദോ, മെയ്ത്തി മസ്‌കോര്‍ട്ട് എന്നിവര്‍ പറഞ്ഞു.
'' ഈ പ്രദേശത്ത് നിന്ന് നിരവധി സ്വര്‍ണനാവുകള്‍ ലഭിച്ചിട്ടുണ്ട്. അക്കാലത്തെ സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംസ്‌കരിച്ചിരുന്ന പ്രദേശമാണിത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പ്രദേശമായതിനാല്‍ സ്വര്‍ണനാവുകള്‍ ഈ പ്രദേശത്ത് നിര്‍മിച്ചിരുന്നതാവാനും സാധ്യതയുണ്ട്.''- കെയ്‌റോ അമേരിക്കന്‍ സര്‍വകലാശാലയിലെ പ്രഫസറായ സലീമ ഇക്രം പറഞ്ഞു.
ഈ മമ്മികളില്‍ 29 രക്ഷാ മന്ത്രത്തകിടുകളും കണ്ടെത്തിയിട്ടുണ്ട്. വണ്ടിന്റെ രൂപത്തിലുള്ള രക്ഷകളാണ് കണ്ടെത്തിയിരിക്കുന്നത്. കല്ലറയുടെ ഉടമയായ വെന്‍ നെഫെര്‍ എന്നയാളുടെ ചുവര്‍ ചിത്രവും കല്ലറയിലുണ്ടായിരുന്നു. രണ്ട് സഹസ്രാബ്ദമായിട്ടും ചിത്രങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് ഗവേഷകയായ ഫ്രാഞ്ചെസ്‌ക ടിരാഡ്രിറ്റി പറഞ്ഞു.