കൊല്‍ക്കത്തയെ വീഴ്ത്തി ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് കൊല്‍ക്കത്തയായിരുന്നു. കേരളത്തിന്റെ മണ്ണില്‍ കൊച്ചിയെ ഞെട്ടിച്ചുകൊണ്ട് അഞ്ചാം മിനിറ്റില്‍ മെക്കുവാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്.

Update: 2019-10-20 16:42 GMT

കൊല്‍ക്കത്തന്‍ വമ്പന്മാരായ എടികെയെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പ് ജയത്തോടെ തുടങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എടികെയെ പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടും ഗോളും നേടിയത് നായകന്‍ ഓഗ്ബച്ചെയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും.

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് കൊല്‍ക്കത്തയായിരുന്നു. കേരളത്തിന്റെ മണ്ണില്‍ കൊച്ചിയെ ഞെട്ടിച്ചുകൊണ്ട് അഞ്ചാം മിനിറ്റില്‍ മെക്കുവാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്. അഞ്ചാം മിനിറ്റില്‍ എടികെ താരത്തിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അവസരം മുതലാക്കി മെക്കു ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കുകയായിരുന്നു.

ജയേഷ് റാണെയെ ജീക്‌സണ്‍ സിങ് വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ഹാവിയര്‍ ഹെര്‍ണാണ്ടസ് കിക്കെടുത്തു. ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനൊപ്പം അഗസ്റ്റിന്‍ ഇനിഷ്യസ് ഉയര്‍ന്നുചാടി. ഇനിഷ്യസിന്റെ ഹെഡര്‍ കാള്‍ മെക്കുവിന്. മെക്കുവിന്റെ തണ്ടര്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വലയിലും.

എന്നാല്‍ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ട ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 30ാം മിനിറ്റില്‍ കേരള താരം ജെയ്‌റോ റോഡ്രിഗസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ഓഗ്ബച്ചെ ടീമിനെ ഒപ്പമെത്തിച്ചു. 15 മിനിറ്റിനകം വീണ്ടും ഒഗ്ബച്ചെയുടെ കാലുകള്‍ ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. കഴിഞ്ഞ സീസണില്‍ സ്വന്തം മണ്ണിലേറ്റുവാങ്ങിയ നാണംകെട്ട തോല്‍വിക്ക് പകരം വീട്ടാനെത്തിയ കൊല്‍ക്കത്തയ്ക്ക് കൊച്ചിയിലും തലകുനിച്ച് മടക്കം.

Tags:    

Similar News