ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഒഴിവാക്കി; ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാം
ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ പ്രത്യേക അനുമതിയും വേണ്ട.
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഇതിനുള്ള സാധ്യത തെളിഞ്ഞത്. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ പ്രത്യേക അനുമതിയും വേണ്ട.
ലഡാക്കിലെ സംരക്ഷിതമേഖലകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കും. മറ്റു ജില്ലകള്‍ അല്ലെങ്കില്‍ നഗരങ്ങളിലെ സംരക്ഷിത മേഖലകളേതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ വ്യക്തമാക്കും. രേഖകള്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ ഈ മേഖലകള്‍ സന്ദര്‍ശിക്കാന്‍ കഴിയുംലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍.കെ. മാഥൂറിന്റെ ഉത്തരവില്‍ പറയുന്നു.
ലഡാക്കിലെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. പുതിയ നിയമം വന്നതോടെ ലഡാക്ക് പോലീസില്‍ പ്രത്യേക ടൂറിസ്റ്റ് വിങ് എന്ന വിഭാഗം ലഫ്റ്റനന്റ് ഗവര്‍ണര്‍ അവതരിപ്പിച്ചു. ലഡാക്ക് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാല്‍ അത് പരിഹരിക്കുക, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം ഉറപ്പുവരുത്തുക എന്നിവയാണ് വിഭാഗത്തിന്റെ ചുമതല. ലഡാക്കിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രക്ഷാദൗത്യവും മറ്റ് അടിയന്തര ചികിത്സാ സാഹചര്യങ്ങളും ഉണ്ടായാല്‍ പോലിസ് സഹായത്തിനെത്തും. സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക.