മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം നിരോധിച്ച് ഒമാന്‍ സുപ്രിം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 24 ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 17 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,077 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1094 പേര്‍ രോഗ മുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1926 ആയി. 183,770 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. രോഗം ഭേദമായവരുടെ എണ്ണം 163,750 ആണ്. രോഗ മുക്തി നിരക്ക് 89.1 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 812 രോഗികളാണു നിലവില്‍ ആശുപത്രികളിലുള്ളത്. ഇതില്‍ 264 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Indians barred from entering Oman; 17 deaths today