ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക് അഞ്ചുലക്ഷം പിഴ

Update: 2022-05-28 12:22 GMT

ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡിജിസിഎ) നാണ് പിഴ ചുമത്തിയത്. തീര്‍ത്തും മോശമായ രീതിയിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു. 'ഏറ്റവും ദയാപൂര്‍വമുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാവുകയും ചെയ്യുമായിരുന്നു.

മാത്രമല്ല, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍നിന്ന് തടഞ്ഞ കഠിനമായ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറാന്‍ കഴിയണം. എന്നാല്‍, അവസരോചിതമായി പെരുമാറുന്നതില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരാജയപ്പെട്ടു. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര വിമാനയാത്രയുടെ ചട്ടങ്ങള്‍ പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും'- ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മെയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്.

പരിഭ്രമിച്ചിരിക്കുന്ന കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം. കുടുംബവും മറ്റു യാത്രക്കാരും എതിര്‍ത്തപ്പോള്‍ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിലായി. കുട്ടിയെ വിലക്കിയതിനാല്‍ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും വിമാനത്തില്‍ കയറേണ്ടതില്ലെന്ന് തീരുമാനിച്ചു. സഹയാത്രികയായ മനീഷാ ഗുപ്തയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെത്തിച്ചത്.

സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതില്‍ ഇടപെട്ടു. ജീവനക്കാരില്‍നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും വിമാനക്കമ്പനിക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉടന്‍തന്നെ അന്വേഷിക്കാന്‍ ഡിജിസിഎ മെയ് 9ന് മൂന്നംഗ സംഘത്തിന് രൂപം നല്‍കിയിരുന്നു. വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ ഇന്‍ഡിഗോയോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ എയര്‍ലൈന്‍സ് ജീവനക്കാരുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിനല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

Similar News