ജന്തര്‍ മന്ദിറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവ് അശ്വനി ഉപാധ്യായ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
ഞായറാഴ്ച ജന്തര്‍ മന്ദിറില്‍ അശ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ പോലിസ് അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ന്യൂഡല്‍ഹി: ജന്തര്‍ മന്ദിറില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് അശ്വനി ഉപാധ്യായ ഉള്‍പ്പെടെ ആറുപേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹിയിലെ മുന്‍ ബിജെപി വക്താവുമായ അശ്വനിയുടെ നേതൃത്വത്തിലായിരുന്നു ജന്തര്‍ മന്ദിറില്‍ പരിപാടി സംഘടിപ്പിച്ചത്. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത ഹിന്ദു സേന പ്രസിഡന്റ് ദീപക് സിങ് ഹിന്ദു, വിനീത് ക്രാന്തി, പ്രീത് സിങ്, സുദര്‍ശന്‍ വാഹിനിയുടെ തലവനായ വിനോദ് ശര്‍മ, ജെസിപി (ന്യൂഡല്‍ഹി റേഞ്ച്) ജസ്പാല്‍ സിങ് എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഞായറാഴ്ച ജന്തര്‍ മന്ദിറില്‍ അശ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ പോലിസ് അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലിസ് കമീഷണര്‍ രാകേഷ് അസ്താന നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളെ ചോദ്യം ചെയ്യലിനായി ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കൊണാട്ട് പ്ലേസ് പോലിസ് സ്‌റ്റേഷനിലെത്തിച്ചു. ഇതിനുശേഷമാണ് മുഖ്യപ്രതിയായ അശ്വനി ഉപാധ്യായ പോലിസ് ചോദ്യം ചെയ്യാന്‍ പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
ഭാരത് ജോഡോ ആന്ദോളനാണ് ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിക്ക് പോലിസ് അനുമതിയുണ്ടായിരുന്നില്ല. വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് അശ്വനി ഡല്‍ഹി പോലിസിന് പരാതി നല്‍കിയിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നായിരുന്നു അശ്വനിയുടെ പരാതി. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ 22 നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു അശ്വനിയുടെ പ്രതികരണം.