ഹൈദരാബാദില്‍ അന്തര്‍സംസ്ഥാന കുട്ടിക്കടത്ത് റാക്കറ്റ് പിടിയില്‍; 13 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Update: 2024-05-28 16:14 GMT
ഹൈദരാബാദ്: അന്തര്‍സംസ്ഥാന കുട്ടിക്കടത്ത് റാക്കറ്റ് ഹൈദരാബാദില്‍ പോലിസ് പിടിയില്‍. 13 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഗ്രേറ്റര്‍ ഹൈദരാബാദിലെ രചകോണ്ട പോലിസാണ് അന്തര്‍സംസ്ഥാന കുട്ടികളെ വില്‍പന നടത്തുന്ന റാക്കറ്റിനെ തകര്‍ത്തത്. നാല് ആണ് കുട്ടികളും ഒമ്പത് പെണ്‍കുഞ്ഞുങ്ങളും ഉള്‍പ്പെടെ 13 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇതില്‍ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വരെ ഉള്‍പ്പെട്ടിരുന്നതായി പോലിസ് വെളിപ്പെടുത്തി. മെയ് 22 ന് 4.50 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റതിന് രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍(ആര്‍എംപി) ശോഭാ റാണി അറസ്റ്റിലായതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പ്രതികളില്‍ നിന്ന് കുട്ടികളെ വാങ്ങിയ എട്ട് സ്ത്രീകളടക്കം 11 പേരെ രചകോണ്ട പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേദിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. ദരിദ്രകുടുംബങ്ങളില്‍ നിന്ന് 1.8 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിറ്റത്. രണ്ട് മാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള 13 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായും ഒരു ആര്‍എംപി ഡോക്ടര്‍ ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തതായും രചകോണ്ട പോലിസ് കമ്മീഷണര്‍ തരുണ്‍ ജോഷി പറഞ്ഞു.

    അറസ്റ്റിലായവരെല്ലാം തെലങ്കാനയിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും താമസിക്കുന്നവരാണ്. ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നുപേരാണ് കുഞ്ഞുങ്ങളെ എത്തിച്ചതെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി. ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ നിന്നും കൊണ്ടുവന്ന കുട്ടികളെ ചിലര്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയി വിജയവാഡയിലും ഹൈദരാബാദിലും വില്‍ക്കുകയായിരുന്നു. നിയമസാധുതകള്‍ കാരണം ദത്തെടുക്കലിനായി കാത്തിരിക്കാന്‍ ആഗ്രഹിക്കാത്ത ദമ്പതികളാണ് ഇവരില്‍നിന്ന് കുട്ടികളെ പണം നല്‍കി വാങ്ങാന്‍ തയ്യാറാവുന്നത്. നാല് മുതല്‍ 5 ലക്ഷം വരെ നല്‍കുന്നതായും പോലിസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ശിശുക്ഷേമ വകുപ്പിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News