സിറോ മലബാര്‍ സഭയുടെ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് പിന്നില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍: ബിന്യാമിന്‍
കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് സിറോ മലബാര്‍ സഭ മാത്രമാണെന്നും ആ സഭ ആഭ്യന്തരമായ വലിയ പ്രശ്‌നത്തെ നേരിട്ടുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നും എഴുത്തുകാരന്‍ ബിന്യാമിന്‍. കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്ന് വേണമോ കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണമോ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എന്നത് ദീര്‍ഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസ ധാരകള്‍ തമ്മിലുള്ള തര്‍ക്കം ആയിരുന്നു. അത് രൂപതകളും തമ്മിലും ബിഷപ്പുമാര്‍ തമ്മിലും ഉള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിരുന്നു. അതിനു തീര്‍പ്പു കല്പിച്ചുകൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖ സ്വീകരിക്കാനോ കുര്‍ബ്ബാന അര്‍പ്പണം സംബന്ധിച്ച ഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയ്യാറായിട്ടില്ല. ഇത് സഭയ്ക്കുള്ളില്‍ വലിയ സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്
ഇതൊക്കെ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങള്‍ക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തെ ഒതുക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. താത്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവര്‍ ആലോചിക്കുന്നതേയില്ല.
ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്‌ലിം വിഭാഗങ്ങള്‍ സംഘടിതമായ ശ്രമത്തിലൂടെ കവര്‍ന്നു കൊണ്ടുപോയി എന്ന് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹ്ണുതയാണ് പല രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.