ആനന്ദ് തെല്‍തുംബ്‌ഡെയുടെ അറസ്റ്റ്: പ്രതിഷേധം അന്താരാഷ്ട്ര തലത്തിലേക്ക്
മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരായ കേസെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ന്യൂഡല്‍ഹി: ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സീനിയര്‍ പ്രഫസറും പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരേ പൂനെ പോലിസ് യുഎപിഎ പ്രകാരം കേസെടുത്തതിനെതിരായ പ്രതിഷേധം അന്താരാഷ്ട്രതലത്തിലും വ്യാപിക്കുന്നു. വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാനപങ്ങളിലും ഒപ്പുശേഖരണം അടക്കമുള്ള പരിപാടികള്‍ നടന്നു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടികളില്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ്, ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ തെല്‍തുംബ്‌ഡെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരായ കേസെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. തെല്‍തുംബ്‌ഡെക്കെതിരായ കേസ് പിന്‍വലിച്ചു, അദ്ദേഹത്തെ നിരുപാധികം മോചിപ്പിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അമേരിക്ക, കാനഡ,ആസ്‌ട്രേലിയ, ഒമാന്‍, യുഎഇ, ഖത്തര്‍, ജപ്പാന്‍, സിംഗപ്പൂര്‍, ബ്രൂണെ, മലേസ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ ഇന്റര്‍നാഷനല്‍ മിഷന്‍(എഐഎം), അംബേദ്കര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഏഷ്യ(എഎഎന്‍എ-യുഎസ്എ), അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്റര്‍(എഐസി-യുഎസ്എ), ബോസ്റ്റണ്‍ സ്റ്റഡി ഗ്രൂപ്പ്(യുഎസ്എ), അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഓഫ് ടെക്‌സസ്(എബിഎടി), യുഎസ്എ ഗുരു രവിദാസ് സഭ, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍(യുഎസ്എ), ഇന്ത്യ സിവില്‍ വാച്ച്‌യുഎസ്എ, കാനഡ, സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഫോര്‍ സെക്കുലറിസം ആന്റ് ഡമോക്രസി(സന്‍സദ്കാനഡ), ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, ജപ്പാന്‍ അംബേദ്കര്‍ മിഷന്‍കാനഡ, ഇന്റര്‍നാഷനല്‍ കമ്മീഷന്‍സ് ഫോര്‍ ദലിത് റൈറ്റ്‌സ്‌യുഎസ്എ തുടങ്ങിയ സംഘടനകളാണ് അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ക്കു നേതൃത്ത്വം നല്‍കുന്നത്.