തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവകുപ്പിന്റെ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച് ദ്വിദിന അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. അറബി വകുപ്പ് മേധാവി ഡോ. എ ബി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി അബ്ദുല്ല യൂസുഫ് അലി സ്മാരക പ്രഭാഷണം നിര്‍വഹിച്ചു. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത വിധത്തില്‍ ഇംഗ്ലീഷിന്റെ മനോഹാരിത മുഴുവന്‍ ആവാഹിച്ച് കൊതിയൂറുന്ന ശൈലിയില്‍ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും നടത്തിയ പ്രതിഭയാണ് അബ്ദുല്ല യൂസുഫ് അലിയെന്ന് സമദാനി പറഞ്ഞു. ഖുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തകനായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, 'ഖുര്‍ആന്‍ മലയാളം' രചയിതാവ് വി വി എ ശുക്കൂര്‍, മലയാളം യൂനിവേഴ്‌സിറ്റി മുന്‍ വി സി ഡോ. അനില്‍ വള്ളത്തോള്‍, ഖുര്‍ആന്‍ ഗവേഷകന്‍ അബ്ദുര്‍റഹ്മാന്‍ മാങ്ങാട്, കാലിക്കറ്റിലെ ഇംഗ്ലീഷ്, ഉര്‍ദു വകുപ്പു തലവന്മാരായ ഡോ. എം എ സാജിത, ഡോ. കെ വി നകുലന്‍, സിന്‍ഡിക്കേറ്റ് അംഗം വിദ്യാഭ്യാസ വകുപ്പിലെ ഡോ. ടി വസുമതി, ഇംഗ്ലീഷ് വകുപ്പിലെ ഡോ. ഉമര്‍ ഒ തസ്‌നീം സംസാരിച്ചു. ലോകത്ത് ഏറ്റവും കാവ്യമനോഹരവും സൂക്ഷ്മവുമായ ഇംഗ്ലീഷില്‍ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും നടത്തിയ ഇന്ത്യക്കാരനായ അബ്ദുല്ല യൂസുഫ് അലിയെ അന്തരിച്ച് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.