നിക്ഷേപത്തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തു

Update: 2024-08-15 15:46 GMT

തൃശൂര്‍: നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണവും ഇതേത്തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനാല്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിലാണ് തൃശൂര്‍ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഏഴ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ ചക്കാമുക്കില്‍ ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ ഡയറക്ടര്‍മാരാണെന്ന് തെറ്റിധരിപ്പിച്ചും റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നല്‍കാതെയും വിശ്വാസ വഞ്ചന നടത്തിയെന്നതിനാണ് തൃശൂര്‍ വെസ്റ്റ് പോലിസാണ് ശ്രീനിവാസനെതിരേ കേസെടുത്തത്. കേസില്‍ പുഴയ്ക്കല്‍ ശോഭാ സിറ്റി ടോപ്പാസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ സി മേനോന്‍, പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ ബിജു മണികണ്ഠന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആകെ 62 പേരുടെ പരാതിയില്‍ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News