പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതി; നേതൃത്വത്തിന് പരാതി നല്‍കി കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്

Update: 2021-08-28 19:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍നിന്ന് തഴഞ്ഞതിനെത്തുടര്‍ന്ന് വിമര്‍ശനവുമായി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനെതിരേയും എതിര്‍ശബ്ദമുയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി സെക്രട്ടറിയുമായ പി എസ് പ്രശാന്താണ് പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്.

തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ പാലോട് രവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് നേരത്തെ പ്രസിഡന്റിന് ഒരു കത്ത് നല്‍കിയിരുന്നു. അതിനുശേഷം അന്വേഷണ കമ്മീഷന് മുന്നിലും പരാതി ആവര്‍ത്തിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ പ്രാദേശിക നേതാക്കളും അന്വേഷണ കമ്മീഷന് മുന്നില്‍ പരാതി നല്‍കി. ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ ശിക്ഷാ നടപടിയെടുത്തില്ലെങ്കിലും റിവാര്‍ഡ് കൊടുക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരാതി പറഞ്ഞ തന്നെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയും തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ പാലോട് രവിക്ക് റിവാര്‍ഡായി ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇത് അനീതിയാണ്.

പാര്‍ട്ടിയോട് കാണിച്ച കടുത്ത നീതികേടാണ്. പാര്‍ട്ടി ഒരു പോരാട്ടത്തിനൊരുങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അങ്ങ് കൊടുക്കുന്ന സന്ദേശം വളരെ മോശമാണ്. ഇത് അങ്ങയില്‍നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസ്സംഘടന പട്ടികയില്‍ ഉള്‍പെടുത്തിയതായി പരസ്യ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് കെപിസിസി സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. ആറുമാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവാണ് പി എസ് പ്രശാന്ത്.

Tags:    

Similar News