സിപിഎം കൊലവിളി മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

Update: 2022-06-15 15:37 GMT

പയ്യോളി: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സിപിഎം നടത്തിയ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പരാതി നല്‍കി. സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി പെരുമാള്‍പുരത്ത് ചൊവ്വാഴ്ച നടത്തിയ പ്രകടനത്തിലാണ് അത്യന്തം പ്രകോപനപരമായ കൊലവിളി മുദ്രാവാക്യം വിളിച്ചത്. വിദ്വേഷം വളര്‍ത്തി കലാപം നടത്താനുള്ള ശ്രമത്തിന്റെ പേരില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് മേപ്പയ്യൂര്‍ ഡിവിഷന്‍ കമ്മിറ്റിയാണ് പോലിസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഒരു കുട്ടി ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ ഒരു സംഘടനയുടെ സംസ്ഥാന ട്രഷറര്‍ അടക്കം മുപ്പതിലധികം പേരെ 153 എ ചുമത്തി ജയിലിലടച്ച പോലിസ്, തിക്കോടിയില്‍ നടന്ന സിപിഎമ്മിന്റെ പരസ്യമായ കൊലവിളി പ്രകടനത്തിനെതിരേ ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നും കൊല്ലപ്പെട്ട ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഗതിയായിരിക്കുമെന്നും മറ്റുമുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ശ്രീനിവാസന്‍, മിഥുന്‍ നങ്ങേരി, സുരേന്ദ്രന്‍ താരകം, പ്രമോദ് പെരുമാള്‍പുരം തുടങ്ങി പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കെതിരേ 153 ഉള്‍പ്പെടെയുള്ള വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായിരിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളെ വ്യാപകമായി സിപിഎം അക്രമിക്കുകയും കോണ്‍ഗ്രസ് ഓഫിസുകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നിട്ടും കലിതീരാതെ സിപിഎം കൊലവിളിയുമായി തെരുവുകള്‍ കീഴടക്കുന്നത് ഭീതിയോടെയാണ് കേരള ജനത നോക്കിക്കാണുന്നതെന്നും പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News