150 തീവണ്ടികളും 50 റെയില്‍വേ സ്‌റ്റേഷനുകളും ഉടന്‍ സ്വകാര്യവല്‍ക്കരിക്കും
നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് നടപടിക്രമങ്ങള്‍ക്കായി ദൗത്യ സേന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.
ന്യൂഡല്‍ഹി: 150 തീവണ്ടികളും 50 റെയില്‍വേ സ്‌റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ദൗത്യസേന രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് നടപടിക്രമങ്ങള്‍ക്കായി ദൗത്യ സേന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ദൗത്യസേനയില്‍ അമിതാഭ് കാന്ത്, വി കെ യാദവ് എന്നിവരും സാമ്പത്തിക കാര്യഹൗസിങ് നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.
രാജ്യത്തെ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. 50 സ്‌റ്റേഷനുകള്‍ ഉടന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. അടുത്തിടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചിരുന്നു. ഇതിന്റെ മാതൃകയിലായിരിക്കും ഇതു നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗ - ഡല്‍ഹി പാതയില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ നാലു മുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.