ഇന്ത്യയില്‍ ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്നത് എത്ര ശതമാനം? അറിയാം വിശദമായി

ആശയവിനിമയത്തിന് ഹിന്ദിയേക്കാള്‍ ഏറെ പേര്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്ന് കുടിയേറ്റത്തിന്റേയും വികസന സൂചികകളുടേയും ഡാറ്റകള്‍ പഠനവിധേയമാക്കുമ്പോള്‍ വ്യക്തമാവുന്നതായി 'ദി ഹിന്ദു' തങ്ങളുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2022-04-16 18:12 GMT

ന്യൂഡല്‍ഹി: വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ തിട്ടൂരം.

എന്നാല്‍, ആശയവിനിമയത്തിന് ഹിന്ദിയേക്കാള്‍ ഏറെ പേര്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്ന് കുടിയേറ്റത്തിന്റേയും വികസന സൂചികകളുടേയും ഡാറ്റകള്‍ പഠനവിധേയമാക്കുമ്പോള്‍ വ്യക്തമാവുന്നതായി 'ദി ഹിന്ദു' തങ്ങളുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായ 35 ഇടങ്ങള്‍ പരിഗണിക്കുമ്പോള്‍ കേവലം 12 ഇടങ്ങളില്‍ മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്. ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഛത്തീസ്ഗഢി എന്നിവയുള്‍പ്പെടെ 56 ഭാഷകള്‍ (മാതൃഭാഷകള്‍) ഉള്‍ക്കൊള്ളുന്ന 'ഹിന്ദി' ഉപയോഗിക്കുന്നവര്‍ 43 ശതമാനം വരുമെങ്കിലും വെറും 26 ശതമാനം പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഹിന്ദിയെ മാതൃഭാഷയായി ഉപയോഗിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിന്റെ (എച്ച്ഡിഐ) താരതമ്യം പഠനം കാണിക്കുന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഉയര്‍ന്ന എച്ച്ഡിഐ സ്‌കോറുകള്‍ ഉണ്ടെന്നാണ്. ഹിന്ദി സംസാരിക്കുന്നവര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ എച്ച്ഡിഐ സ്‌കോറുകള്‍ താരതമ്യേന കുറവാണ്. അതായത് ഇംഗ്ലീഷ് ഭാഷയും ഉയര്‍ന്ന ജീവിത നിലവാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കുടിയേറ്റവുമായ ബന്ധപ്പെട്ട രേഖകളും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി ഹിന്ദി ഇതര പ്രദേശങ്ങളിലേക്ക് കുടിയേറുകയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും കുടിയേങ്ങള്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരേക്കാള്‍ കൂടുതലാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പക്ഷേ കുടിയേറ്റങ്ങള്‍ കുറവാണ്.

കുടിയേറ്റങ്ങള്‍ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതേസമയം, കുടിയേറ്റങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളിലാകട്ടെ ഹിന്ദിയാണ് കൂടുതലായും സംസാരിക്കുന്നത്. 2011ലെ സെന്‍സസ് ഡാറ്റ പ്രകാരം ജനസംഖ്യയുടെ 50% എങ്കിലും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ ജോലിക്കായും പഠനത്തിനായുമെല്ലാം എത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ്. മറിച്ച് ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പോസറ്റീവ് ട്രെന്റ് ആണ് പ്രകടമാകുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Tags:    

Similar News