ഐഎസ് ബന്ധം ആരോപിച്ച് ഓച്ചിറ സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു
ദോഹയില്‍നിന്നു എന്‍ഐഎ നിര്‍ദേശപ്രകാരം എത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ്‌സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യാന്‍ സഹായം ചെയ്‌തെന്നാരോപിച്ച് ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) കസ്റ്റഡിയിലെടുത്തു. ദോഹയില്‍നിന്നു എന്‍ഐഎ നിര്‍ദേശപ്രകാരം എത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫൈസല്‍ ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ പി എ അബൂബക്കര്‍ സിദ്ദീഖ് (അബു ഈസ-28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങളെ പിന്തുണച്ചിരുന്നുവെന്നാരോപിച്ച് എന്‍ഐഎ സംഘം കാസര്‍കോട് സ്വദേശി റിയാസ് അബൂബക്കറിനെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനു എന്‍ഐഎ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. മാത്രമല്ല, ഫൈസലിന്റെ ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തുകയും ചെയ്തിരുന്നു. റിയാസ് അബൂബക്കറിനെ കഴിഞ്ഞ ദിവസം കോടതി കൂടുതല്‍ ചോദ്യംചെയ്യലിനായി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.