സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Update: 2025-01-16 17:46 GMT

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേലും യുഎസും നടത്തിയ വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ സമീപത്ത് എത്തിയ രണ്ട് ഹയാത് താഹിര്‍ അല്‍ ശാം (എച്ച്ടിഎസ്) പ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഗദീര്‍ അല്‍ ബുസ്താന്‍ ഗ്രാമത്തിന്റെ ഭരണചുമതലയുള്ള നേതാവും ഇതില്‍ കൊല്ലപ്പെട്ടതായി എച്ച്ടിഎസ് അറിയിച്ചു. തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള ഇദ്‌ലിബ് പ്രദേശത്താണ് യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയത്. ജുന്ദ് അല്‍ അഖ്‌സ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ഇതില്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഇടക്കാല സര്‍ക്കാരിലെ പ്രമുഖകക്ഷിയായ ഹയാത് താഹിര്‍ അല്‍ ശാമുമായി ബന്ധം സ്ഥാപിക്കാന്‍ യുഎസും യൂറോപ്പും ശ്രമിക്കുന്നതിനിടെയാണ് വ്യോമാക്രമണം നടന്നിരിക്കുന്നത്.

അതേസമയം, സിറിയന്‍ മാതൃകയില്‍ ഈജിപ്തിലും വിപ്ലവം നടത്തണമെന്ന് ആഹ്വാനം ചെയ്ത എച്ച്ടിഎസ് മുന്‍ നേതാവ് അഹമദ് അല്‍ മന്‍സൂറിനെ ഇടക്കാല ഭരണകൂടം അറസ്റ്റ് ചെയ്തു.


അഹമദ് അല്‍ മന്‍സൂര്‍

ഈജിപ്തില്‍ സായുധസമരത്തിന് ആഹ്വാനം ചെയ്ത അഹമദ് അല്‍ മന്‍സൂറിന്റെ വീഡിയോ 75 ലക്ഷം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഈജിപ്തിന്റെ വിമോചനത്തിനായി സമരം നടത്താന്‍ '' ജനുവരി 25 വിപ്ലവകാരികള്‍'' എന്ന പേരില്‍ ഇയാള്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. ഈജിപ്തിലെ അലക്‌സാണ്ട്രിയ പ്രദേശത്തുകാരനായ ഇയാള്‍ 2013ലാണ് സിറിയയില്‍ എത്തിയത്. ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ ജനാധിപത്യവിരുദ്ധമായി അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു പലായനം. തുടര്‍ന്ന് എച്ച്ടിഎസില്‍ ചേര്‍ന്നു.

Similar News