'മകളവിടെ രാജ്ഞിയെപ്പോലെയായിരുന്നു'; ഹമാസിനെ പുകഴ്ത്തി ബന്ദിയുടെ ഹൃദയംതൊടുന്ന കത്ത്

Update: 2023-11-28 10:00 GMT
ഗസാ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി തടവുകാരിയുടെ കത്ത് വൈറലാവുന്നു. തന്നോടും തന്റെ മകളോടും തടവിലാക്കപ്പെട്ടവരോടും കാണിച്ച ദയയ്ക്കും മാനുഷ്യത്വപരമായ പെരുമാറ്റത്തിനും ഹമാസിന് നന്ദി പറഞ്ഞാണ് കത്തെഴുതിയിട്ടുള്ളത്. ഫലസ്തീന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച പുറത്തുവിട്ട കത്തിലാണ് ഡാനിയല്‍ അലോണി എന്ന ഇസ്രായേലി സ്ത്രീയുടെ ഹൃദയം തൊടുന്ന വരികളുള്ളത്. ആറുവയസ്സുള്ള മകള്‍ എമിലിയെയും തന്നെയും അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്ത അല്‍ഖസ്സാം ബ്രിഗേഡ് പോരാളികളുടെ പെരുമാറ്റത്തെ പ്രശംസിക്കുന്ന കത്ത് ഹീബ്രു ഭാഷയിലാണ് എഴുതിയിട്ടുള്ളത്. മോചിതരാവും മുമ്പ് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


'അടുത്ത ആഴ്ചകളില്‍ എന്നെ അനുഗമിച്ച കമാന്‍ഡര്‍മാര്‍ക്ക്. നാളെ നമ്മള്‍ പിരിയുമെന്ന് തോന്നുന്നു, പക്ഷേ എന്റെ മകള്‍ എമിലിയയോട് നിങ്ങള്‍ കാണിച്ച അസാധാരണമായ മനുഷ്യത്വത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അവളോട് നിങ്ങളുടെ മകളോടെന്ന പോലെയാണ് പെരുമാറിയത്. അവള്‍ അകത്ത് കയറിയപ്പോഴെല്ലാം നിങ്ങള്‍ അവളെ നിങ്ങളുടെ മുറിയിലേക്ക് സ്വാഗതം ചെയ്തു. നിങ്ങളെല്ലാവരും അവളുടെ സുഹൃത്തുക്കളാണ്, പരിചയക്കാര്‍ മാത്രമല്ല. നിങ്ങള്‍ അവള്‍ക്ക് അത്രയും പ്രിയപ്പെട്ടവരാണ്. പരിചരിക്കുന്നവരായി അവളോടൊപ്പം ചെലവഴിച്ച എണ്ണമറ്റ മണിക്കൂറുകള്‍ക്ക് നന്ദി, നന്ദി, നന്ദി. അവളോട് ക്ഷമയോടെ പെരുമാറിയതിനും മധുരപലഹാരങ്ങള്‍, പഴങ്ങള്‍, കിട്ടാവുന്ന എല്ലാ കാര്യങ്ങളും, അത് എളുപ്പം ചെയ്യാനാകാത്തതാണെങ്കില്‍പ്പോലും ചെയ്തുനല്‍കിയതിന് നന്ദി. അവളെ കുളിപ്പിച്ചതിനും നന്ദി. കുട്ടികള്‍ അടിമത്തത്തിലായിരിക്കരുത്. ഞങ്ങളോട് നിങ്ങള്‍ കാണിച്ച ദയയ്ക്ക് എല്ലാവരോടും നേതാക്കളോടും നന്ദി പറയുന്നു. എന്റെ മകള്‍ ഗസയിലെ ഒരു രാജ്ഞിയെ പോലെയാണ് കഴിഞ്ഞത്. അവള്‍ ലോകത്തിന്റെ കേന്ദ്രമാണെന്ന് തോന്നിയിട്ടുണ്ട്. ഞങ്ങളുടെ നീണ്ട ഗസ വാസത്തിനിടയില്‍, ഒരു അംഗമോ ഒരു നേതാവോ പോലും അവളോട് ദയയോടും ആര്‍ദ്രതയോടും സ്‌നേഹത്തോടെയുമല്ലാതെ പെരുമാറാത്ത ഒരാളെയും ഞങ്ങള്‍ കണ്ടിട്ടില്ല. മാനസികാഘാതമില്ലാതെ ഈ സ്ഥലം വിട്ടുപോവുന്നതിനാല്‍ ഞാന്‍ എന്നെന്നേക്കുമായി നിങ്ങളോടുള്ള കൃതജ്ഞതയുടെ ബന്ദിയായിരിക്കും. പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും നിങ്ങള്‍ ഇവിടെ കാണിച്ച നിങ്ങളുടെ നല്ല പെരുമാറ്റവും ഗസയില്‍ നിങ്ങള്‍ക്ക് സംഭവിച്ച കനത്ത നഷ്ടങ്ങളും ഞാന്‍ ഓര്‍ക്കും. ഈ ലോകത്ത് ഒരു ദിവസമെങ്കിലും നമുക്ക് നല്ല സുഹൃത്തുക്കളാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആരോഗ്യവും ക്ഷേമവും നേരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യവും സ്‌നേഹവും നേരുന്നു. വളരെയേറെ നന്ദി. ഡാനിയേലും എമിലിയയും എന്നാണ് കത്തിലുള്ളത്.

    ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കിടെയാണ് ഡാനിയല്‍ അലോണിയെയും ആറുവയസ്സുകാരി എമിലിയെയും തടങ്കലിലാക്കിയത്. തുടര്‍ന്ന് ഒന്നര മാസത്തിലേറെയായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനിടയിലും ഒരു ബന്ദിയെ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടത്തിയ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള തടവുകാരുടെ കൈമാറ്റ കരാറില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളുടെ ആദ്യ ബാച്ചിലാണ് ഡാനിയേലും മകളും ഉള്‍പ്പെട്ടിരുന്നത്. നേരത്തെയും, യുദ്ധത്തിനിടയിലും മോചിപ്പിക്കപ്പെട്ടവര്‍ ഹമാസ് തടവിലായിരിക്കെ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മികച്ച പെരുമാറ്റത്തെക്കുറിച്ച് ഇസ്രായേലി തടവുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹമാസ് പോരാളികള്‍ ബന്ദികള്‍ക്ക് എല്ലാ ആവശ്യങ്ങളും നല്‍കിയെന്നും അവര്‍ കഴിക്കുന്ന അതേ ഭക്ഷണം തങ്ങള്‍ക്കും നല്‍കിയെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ച ശേഷം 85 വയസ്സുള്ള ഒരു ഇസ്രായേലി സ്ത്രീ പറഞ്ഞിരുന്നു. മോചിപ്പിക്കപ്പെട്ടവര്‍ പോരാളികളോട് കൈവീശിയും കൈകൊടുത്തും പിരിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

Tags:    

Similar News