ഉത്തര്‍പ്രദേശില്‍ മാതാവിനെയും സഹോദരിമാരേയും കൊലപ്പെടുത്താന്‍ കാരണം ഭൂമാഫിയ: അവരുടെ അഭിമാനം സംരക്ഷിച്ചു: പ്രതി

Update: 2025-01-01 17:10 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാല് സഹോദരിമാരേയും മാതാവിനെയും കൊലപ്പെടുത്താന്‍ കാരണം ഭൂമാഫിയയാണെന്ന് പ്രതിയായ യുവാവ്. അവര്‍ വില്‍പനചരക്കായി മാറുന്നത് കാണാന്‍ താത്പര്യമില്ലാത്തതിനാലാണ് അവരെ കൊന്നതെന്നും യുവാവ് കൊലപാതകത്തിന് മുമ്പെടുത്ത വീഡിയോയില്‍ പറയുന്നുണ്ട്. തന്നെയും പിതാവിനെയും ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിമാരെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ഏതാനും പ്രദേശവാസികള്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്നും പ്രതി പറയുന്നു. വീഡിയോയില്‍ കുടുംബത്തെ എങ്ങനെയാണ് താന്‍ കൊലപ്പെടുത്തിയതെന്നും കൃത്യത്തിന് പിതാവ് സഹായിച്ചുവെന്നും പ്രതി അര്‍ഷാദ് പറയുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് തന്റെ അയല്‍വാസികളാണ്.

'ഈ തീരുമാനമെടുക്കാന്‍ കാരണം അയല്‍വാസികളായ ആളുകളാണ്. ഞാനെന്റെ മാതാവിനെയും സഹോദരിമാരേയും കൊലപ്പെടുത്തി. ഈ വീഡിയോ കിട്ടുമ്പോള്‍ നാട്ടുകാരാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസിന് മനസിലാകണം. അവര്‍ ഞങ്ങളുടെ വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ ഞങ്ങളുടെ ശബ്ദം ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങള്‍ തെരുവിലാണ് കഴിയുന്നത്, തണുത്തുറഞ്ഞ്... എനിക്ക് എന്റെ കുടുംബം തെരുവില്‍ തണുത്തുറഞ്ഞ് കിടക്കുന്നത് കാണാനാകില്ല. അവര്‍ ഞങ്ങളുടെ വീട് കയ്യടക്കി. അതിന്റെ രേഖകള്‍ എന്റെ പക്കലുണ്ട്', അര്‍ഷാദ് പറഞ്ഞു.

വീഡിയോയില്‍ പ്രദേശവാസികളായ റാണ, അഫ്താബ്, അലീം ഖാന്‍, സലീം, ആരിഫ്, അഹമ്മദ്, അസ്ഹര്‍ എന്നിവരുടെ പേരുകളും യുവാവ് പറയുന്നുണ്ട്. ഇവരെല്ലാം ഭൂമാഫിയയുടെ ആളുകളാണ്. തന്നെയും പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ശേഷം സഹോദരിമാരെ സെക്‌സ് റാക്കറ്റിന് വില്‍ക്കാനായിരുന്നു ഇവരുടെ നീക്കമെന്നും യുവാവ് പറഞ്ഞു.

'സഹായത്തിനായി ഞങ്ങള്‍ പലരേയും സമീപിച്ചു. പക്ഷേ ആരും ഞങ്ങളെ സഹായിച്ചില്ല. ഇപ്പോള്‍ എന്റെ സഹോദരിമാര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് സമയത്തിനകം ഞാനും മരിക്കും. രാജ്യത്തെ ഒരു കുടുംബവും ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ ഇടയാകരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കൈകൂപ്പി അപേക്ഷിക്കുകയാണ്. ജീവിതത്തിലോ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. മരണത്തിലെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇതിന് കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. അവരെല്ലാം രാഷ്ട്രീയക്കാരുമായും പോലിസുമായും ബന്ധമുള്ളവരാണ്. അവര്‍ ഞങ്ങളുടെ വീട് കയ്യേറി. ഇത് അല്ലാതെ ഞാന്‍ മറ്റെന്താണ് ചെയ്യേണ്ടത്. അവരെ ഹൈദരാബാദില്‍ വിറ്റഴിക്കപ്പെടുന്നത് കാണണോ..?,' യുവാവ് ചോദിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഞങ്ങളെ ബംഗ്ലാദേശികള്‍ എന്ന് വിളിച്ച് പ്രദേശവാസികള്‍ പരിഹസിക്കുമായിരുന്നുവെന്നും അര്‍ഷാദ് പറയുന്നുണ്ട്. അര്‍ഷാദിന്റെ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), ആല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച് ശ്വാസം മുട്ടിച്ചായിരുന്നു പ്രതി കുടുംബത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അര്‍ഷദിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.





Tags:    

Similar News