ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട അതിജീവിതക്കെതിരേ കേസ്
മുംബൈ: ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട അതിജീവിതക്കെതിരേ കേസ്. വടക്കന്‍ മുംബൈയില്‍ നിന്നുള്ള 30കാരിയാണ് അറസ്റ്റിലായതെന്നും ബലാല്‍സംഗക്കേസ് നിലവിലുള്ളതിനാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തുന്നതിന് തടസമുണ്ടെന്നും പോലിസ് അറിയിച്ചു.
2023 നവംബറിലാണ് കുടുംബമായി ജീവിക്കുന്ന ഒരു സെയില്‍സ് മാനേജര്‍ക്കെതിരേ യുവതി പീഡനപരാതി നല്‍കിയത്. 2012 മുതല്‍ ഇയാളുമായി പരിചയമുണ്ടെന്നും ആറു വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് നവംബര്‍ പത്തിന് ഇയാളെ ബോറിവല്ലി പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഒരു മാസത്തിലധികം ജയിലില്‍ കിടന്നതിന് ശേഷമാണ് യുവാവിന് ജാമ്യം ലഭിച്ചത്. യുവതിയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നില്ലെന്നായിരുന്നു യുവാവിന്റെ വാദം.
കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് അതിജീവിത പണം ആവശ്യപ്പെട്ടു തുടങ്ങിയത്. ഒരു കോടി രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാം എന്നായിരുന്നു വാഗ്ദാനം. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതോടെ ബാങ്കിലെ ഒരു ജീവനക്കാരനെ സ്വാധീനിച്ച് യുവാവിന്റെ അക്കൗണ്ട് വിവരങ്ങള്‍ യുവതി സ്വന്തമാക്കി. കൂടാതെ ബാങ്ക് അക്കൗണ്ടിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും തന്റെ ഫോണ്‍ നമ്പറുകള്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ സ്വകാര്യവിവരങ്ങളും ലൊക്കേഷനും വരെ യുവതിക്ക് ലഭിച്ചു.
''പണം നല്‍കിയില്ലെങ്കില്‍ നീ ജയിലില്‍ കിടന്നു ചാവും'' എന്ന സന്ദേശമയച്ചതോടെയാണ് യുവാവ് ബോറിവല്ലി കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. ഇതില്‍ സത്യമുണ്ടെന്നു കണ്ട കോടതിയാണ് യുവതിക്കും സംഘത്തിനുമെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. യുവതിയുടെ സഹോദരനും ബാങ്ക് ജീവനക്കാരനും കേസില്‍ പ്രതിയാണ്. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതിന് ജീവനക്കാരനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.