എം എന്‍ വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കോഴ വാങ്ങിയെന്ന് ആരോപണം, ''കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് ജീവിതം തുലച്ചു''

Update: 2025-01-06 11:20 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ഖജാഞ്ചിയായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണം കുറിപ്പിലുണ്ട്. അര്‍ബന്‍ ബാങ്ക് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നതായും ആത്മഹത്യാക്കുറിപ്പ് പറയുന്നു.

എം എന്‍ വിജയന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും കുടുംബം പുറത്തുവിട്ടിരിക്കുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ സുധാകരന് അയച്ച കത്തിലും പറയുന്നു. ഐ സി ബാലകൃഷ്ണന്റെയും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും പേരുകളും കത്തിലുണ്ട്.

നിയമനത്തിന്റെ പേരില്‍ പലരില്‍നിന്നും പണം വാങ്ങിയെന്നും ഇത് ഐ സി ബാലകൃഷ്ണന് വേണ്ടിയാണെന്നും സൂചനകളുണ്ട്. അവസാനം, തന്നെ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥ ഉണ്ടായെന്നും എല്ലാ ബാധ്യതകളും തനിക്ക് നേരെ മാത്രം വന്നെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തുപറയുന്നു. ഈ പണം തിരിച്ച് കൊടുക്കേണ്ടിവന്നത് ബാധ്യതയുണ്ടാക്കി. തന്റെ മക്കളെയെങ്കിലും രക്ഷിക്കാന്‍ കെപിസിസി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. നീണ്ട അമ്പതുവര്‍ഷം കോണ്‍ഗ്രസ്സിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നും കത്ത് പറയുന്നു.

Similar News