ഹിന്ദുസ്ത്രീകളെ തൊല്‍ തിരുമാവളവന്‍ എംപി അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി; മനുസ്മൃതി ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന് നിരീക്ഷണം

Update: 2025-01-04 04:27 GMT

ചെന്നൈ: ഹിന്ദുസ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി നേതാവും എംപിയുമായ തൊല്‍ തിരുമാവളവനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പറയുക മാത്രമാണ് തൊല്‍ തിരുമാവളവന്‍ ചെയ്തതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പി വേല്‍മുരുഗന്റെ ഉത്തരവ്.

പെരിയാര്‍ ടിവി എന്ന യൂട്യൂബ് ചാനല്‍ 2020 സെപ്റ്റംബറില്‍ സംപ്രേഷണം ചെയ്ത തൊല്‍ തിരുമാവളവന്റെ പ്രസംഗമാണ് കേസിന് കാരണമായത്. ബിജെപി നേതാക്കളായ ഖുശ്ബു അടക്കമുള്ളവര്‍ തൊല്‍ തിരുമാവളനെതിരേ രംഗത്തെത്തുകയും വി വേദ എന്ന യുവതി കോടതിയില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം 2021ല്‍ തൊല്‍ തിരുമാവളവനെതിരേ കേസെടുത്തു. ഗൂഡാലോചന, മതവികാരം വ്രണപ്പെടുത്തല്‍, അപകീര്‍ത്തികരമായ പ്രസ്താവന നടത്തല്‍, സ്ത്രീകളുടെ അന്തസ് കളങ്കപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഈ കേസ് റദ്ദാക്കാനാണ് തൊല്‍ തിരുമാവളന്‍ ഹൈക്കോടതിയെ സമീപിച്ചത്. 2020ല്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ നടത്തിയ പ്രസംഗമാണ് കേസിന് കാരണമെന്നും മനുസ്മൃതി ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തിരുമാവളവന്‍ വാദിച്ചു. തുടര്‍ന്ന് ജസ്റ്റിസ് വേല്‍മുരുഗന്‍ വീഡിയോ പരിശോധിച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നാണ് കോടതി കണ്ടെത്തിയത്.

'' കോടതിയ്ക്കു മുന്നിലുള്ള മുഴുവന്‍ രേഖകളും തെളിവുകളും പരിശോധിച്ചപ്പോള്‍ മനു സ്മൃതി എന്ന പുസ്തകത്തെക്കുറിച്ചാണ് ഹരജിക്കാരന്‍ പരാമര്‍ശിച്ചതെന്ന് വ്യക്തമായി. അതിനാല്‍, കേസ് കൊടുത്തയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ല. ഐപിസിയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലും പറയുന്ന കുറ്റങ്ങള്‍ ഹരജിക്കാരന്‍ ചെയ്തിട്ടില്ല.''-കോടതി ചൂണ്ടിക്കാട്ടി.

''തിരുമാവളവന്‍ സാമാന്യഭാഷയില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂ. മനുസ്മൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന അത്തരം വാക്കുകള്‍ അദ്ദേഹം പറഞ്ഞതായി അനുമാനിക്കാം. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മനു സ്മൃതി എന്ന പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ രേഖകളും തെളിവുകളും പ്രകാരം ഹരജിക്കാരന്‍ കുറ്റമൊന്നും ചെയ്തതായി ബോധ്യപ്പെടുന്നില്ല''-കേസ് റദ്ദാക്കി ഹൈക്കോടതി പറഞ്ഞു.

'' സനാതന ധര്‍മ്മത്തില്‍ സ്ത്രീകളെ എങ്ങനെയാണ് വിലമതിക്കുന്നത്? അവര്‍ എങ്ങനെയാണ് പരിഗണിക്കുന്നത്. ?തലമുറകള്‍ തലമുറകളായി, അവര്‍ എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നത്? .........സനാതന ധര്‍മ്മത്തില്‍ സ്ത്രീകളെ കുറിച്ച് എന്ത് പറയുന്നു? സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം വേശ്യകളായി സൃഷ്ടിച്ചതാണ്. ഹിന്ദു ധര്‍മ്മവും മനു ധര്‍മ്മവും അനുസരിച്ച് എല്ലാ സ്ത്രീകളും വേശ്യകളാണ്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴെയാണ്. ഇത് ബ്രാഹ്മണ സ്ത്രീകള്‍ക്കും മറ്റ് സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ബാധകമാണ്. ഇതാണ് സനാതന ധര്‍മ്മം പറയുന്നത്'' -ഇങ്ങനെ തൊല്‍ തിരുമാവളവന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചെന്ന് ഇന്ത്യാടുഡേയിലെ റിപോര്‍ട്ട് പറയുന്നു.

Tags:    

Similar News