അന്‍വര്‍ അക്രമത്തിന് പ്രേരിപ്പിച്ചു; ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോവാന്‍ സാധ്യതയെന്ന് പോലിസ്

Update: 2025-01-06 06:49 GMT

മലപ്പുറം: ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വനംവകുപ്പ് ഓഫീസ് ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണെന്ന് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്. അന്‍വര്‍ മറ്റ് നാല് കേസുകളില്‍ പ്രതിയാണെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അന്‍വറിന്റെ പ്രവര്‍ത്തിയെന്നും റിമാന്‍ഡ് റിപോര്‍ട്ട് പറയുന്നു. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പോലിസ് കോടതിയെ അറിയിച്ചു.

അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഒഫീസിന് 35,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവസമയത്ത് അന്‍വര്‍ ഒഫീസില്‍ ഇല്ലെങ്കിലും അക്രമത്തിന് പ്രേരണ നല്‍കിയിരുന്നുവെന്നും റിപോര്‍ട്ട് ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് അന്‍വറിനെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തത്.

Similar News