വാഹനാപകടം നടന്ന സ്ഥലത്തെ ചൊല്ലി സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം; പരിക്കേറ്റ യുവാവ് റോഡരികില്‍ കിടന്നു ചോരവാര്‍ന്നു മരിച്ചു

ഉത്തര്‍പ്രദേശ് പോലിസും മധ്യപ്രദേശ് പോലിസും തമ്മിലാണ് തര്‍ക്കമുണ്ടായത്‌

Update: 2025-01-06 06:24 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡരികില്‍ കിടന്ന് ചോരവാര്‍ന്നു മരിച്ചു. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാഹുല്‍ അഹിര്‍വാര്‍ എന്ന 27കാരനാണ് മരിച്ചത്. വാഹനാപകടം നടന്നത് യുപിയിലാണെന്ന് മധ്യപ്രദേശ് പോലിസും മധ്യപ്രദേശിലാണ് അപകടം നടന്നതെന്ന് യുപി പോലിസും തര്‍ക്കിച്ചതാണ് യുവാവിന് ചികില്‍സ ലഭിക്കാതിരിക്കാന്‍ കാരണമായത്. അധികാരപരിധിയിയെ സംബന്ധിച്ച് നാലു മണിക്കൂര്‍ ആണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ കൂലിപ്പണി ചെയ്യുന്ന രാഹുല്‍ ഡല്‍ഹിയിലേക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് ഏതോ ഒരു വാഹനം തട്ടിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ മധ്യപ്രദേശിലെ ഹര്‍പാല്‍പൂര്‍ പോലിസില്‍ വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലിസ് അപകടം നടന്നത് ഉത്തര്‍പ്രദേശിലാണെന്ന് പറഞ്ഞുസ്ഥലം വിട്ടു. ഇതോടെ നാട്ടുകാര്‍ ഉത്തര്‍പ്രദേശ് പോലിസിനെ വിവരമറിച്ചു.

അവരും ഉടന്‍ സ്ഥലത്തെത്തി. മധ്യപ്രദേശിലാണ് അപകടം നടന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇതോടെ നാട്ടുകാര്‍ പോലിസിനെ തടഞ്ഞുവെച്ചു. സംഘര്‍ഷവിവരം അറിഞ്ഞ് മധ്യപ്രദേശ് പോലിസും സ്ഥലത്തെത്തി. യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിന് പകരം തര്‍ക്കമാണ് നടന്നത്. ഇതിനകം രാഹുല്‍ മരിച്ചു. അപകടം കഴിഞ്ഞ് നാലുമണിക്കൂറുകള്‍ക്ക് ശേഷം മധ്യപ്രദേശ് പോലിസാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാഹുലിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

Similar News