യുഎസിലെ മോഡലാണെന്ന് തെറ്റിധരിപ്പിച്ച് 700 സ്ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: യുഎസിലെ പ്രശസ്ത മോഡലാണെന്ന് തെറ്റിധരിപ്പിച്ച് 700 സ്ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ശാഖര്‍പൂര്‍ സ്വദേശിയായ തുഷാര്‍ സിങ് ബിഷ്ഠാണ് (23) പിടിയിലായത്. എംബിഎ ബിരുദധാരിയായ ഇയാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നോയ്ഡയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ടെക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു. പണത്തോടുള്ള കൊതിയും ലൈംഗികത്വരയുമാണ് ഇയാളെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.
ഒരു ആപ്പ് വഴി സംഘടിപ്പിച്ച വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡേറ്റിങ്, സോഷ്യല്‍ മീഡിയ ആപ്പുകളില്‍ അക്കൗണ്ടുണ്ടാക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. യുഎസില്‍ നിന്ന് ഇന്ത്യയില്‍ നിന്നെത്തിയ മോഡലാണെന്ന് തെറ്റിധരിപ്പിക്കുന്ന അക്കൗണ്ടാണ് ഉണ്ടാക്കുക. ബ്രസീലില്‍ ഉള്ള ഒരു മോഡലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇതിനായി ഉപയോഗിച്ചത്. തുടര്‍ന്ന് 18-30 വയസിന് ഇടയില്‍ പ്രായമുള്ള സ്ത്രീകളുമായി ബന്ധമുണ്ടാക്കി.
സ്ത്രീകളുടെ വിശ്വാസം നേടിക്കഴിഞ്ഞ് ഫോണ്‍ നമ്പറും സ്വകാര്യചിത്രങ്ങളും വാങ്ങിയെടുക്കും. ഇവയെല്ലാം ഫോണില്‍ സൂക്ഷിക്കുന്ന പ്രതി പിന്നീട് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പടുത്തി പണം വാങ്ങും. ഒരു ഡേറ്റിങ് ആപ്പില്‍ മാത്രം ഇയാള്‍ 500 സ്ത്രീകളെ വഞ്ചിച്ചു. സ്‌നാപ്പ്ചാറ്റില്‍ 200 പേരെയും വഞ്ചിച്ചതായി പോലിസ് പറയുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി ഫോണുകളും പതിമൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും ചാറ്റ് ഹിസ്റ്ററികളും ഫോട്ടോകളും പിടിച്ചെടുത്തായി പോലിസ് അറിയിച്ചു.