ഇസ്രായേല്‍ യുദ്ധകാബിനറ്റില്‍ തമ്മിലടി; സൈനിക മേധാവിക്കെതിരേ മന്ത്രിമാര്‍
തെല്‍അവീവ്: ഗസയില്‍ ഇസ്രായേല്‍ ആക്രമണം മൂന്നുമാസം പിന്നിട്ടപ്പോള്‍ ഇസ്രായേല്‍ യുദ്ധകാബിനറ്റില്‍ തമ്മിലടി. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് ചേരിതിരിഞ്ഞ് വിമര്‍ശിച്ചത്. സൈനിക മേധാവിയെ മന്ത്രിമാര്‍ അസഭ്യം പറഞ്ഞതോടെ യോഗം ബഹളത്തില്‍ കലാശിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുദ്ധം 90 ദിവസം പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തിലാണ് പൊട്ടിത്തെറിയുമുണ്ടായത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നയങ്ങളെച്ചൊല്ലി സൈന്യവും വലതുപക്ഷ സഖ്യത്തിലെ ചിലരും തമ്മിലുള്ള ഭിന്നത ഉന്നതതലത്തിലേക്ക് കൂടി വ്യാപിച്ചതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. യുദ്ധം അവസാനിപ്പിച്ച് ഗസയുടെ നിയന്ത്രണം കൈമാറാനുള്ള പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശിക്കുന്നതിനു തൊട്ടുമുമ്പാണ് തമ്മിലടിയെന്നതും ശ്രദ്ധേയമാണ്.
ഗസയ്‌ക്കെതിരേ ഇസ്രായേല്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ തന്നെ ഭരണതലത്തില്‍ ഭിന്നത ഉടലെടുത്തിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങളെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുദ്ധ കാബിനറ്റില്‍ ഇത്രയും പൊട്ടിത്തെറിയുണ്ടാവുന്നത് അപൂര്‍വസംഭവമാണ്. സൈന്യത്തെ പ്രതിനിധികരിച്ചെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍, ഗതാഗത മന്ത്രി മിറി റെഗേവ്, പ്രാദേശിക സഹകരണ മന്ത്രി ഡേവിഡ് അംസലേം എന്നിവരാണ് കടന്നാക്രമിച്ചത്. ഒക്ടോബര്‍ ഏഴിലെ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ മുന്‍ യുദ്ധമന്ത്രി ഷാല്‍ മൊഫാസിനെയെ ഉള്‍പ്പെടുത്തിയതിനെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ് വിമര്‍ശിച്ചത്. 2005ല്‍ ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നേതൃത്വം നല്‍കിയവരെ ഉള്‍പ്പെടുത്തിയതിലായിരുന്നു മന്ത്രിമാരുടെ രോഷം.
ബഹളവും വിമര്‍ശനവും രൂക്ഷമായതോടെ ചില സൈനിക ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായും പറയപ്പെടുന്നുണ്ട്. ഹലേവിയുടെ തീരുമാനത്തെ മന്ത്രി യോവ് ഗാലന്റ് ന്യായീകരിക്കുകയും വിമര്‍ശിച്ച മന്ത്രിമാരെ ശകാരിക്കുകയും ചെയ്തു. മന്ത്രി ബെന്നി ഗാന്റ്‌സും അതേ ഭാഷയില്‍ തിരിച്ചടിച്ചു. ഇതൊരു പ്രഫഷനല്‍ അന്വേഷണമാണെന്നും സേനയെ പിന്‍വലിച്ചതും ഇതും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നും മന്ത്രി ബെന്നി ഗാന്റ്‌സ് ചോദിച്ചു. മോശം ചര്‍ച്ചയാണ് നടന്നതെന്നും അവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി സൈന്യത്തെ ആക്രമിച്ചെന്നും അദ്ദേഹം കെഎഎന്‍ ന്യൂസിനോട് പറഞ്ഞു. യോഗത്തിനു പുറത്തും ബഹളം കേട്ടതായി മറ്റൊരു മന്ത്രിയും സ്ഥിരീകരിച്ചു. 'അവിടെ നടന്നത് നാണക്കേടാണ്. നിങ്ങള്‍ക്ക് സൈന്യത്തെ വിമര്‍ശിക്കാം. പക്ഷേ അവര്‍ ചീഫ് ഓഫ് സ്റ്റാഫിനെ വ്യക്തിപരമായി ആക്രമിച്ചു. സുരക്ഷാ നയം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ ഫോറം യോഗ്യമാണോ എന്ന് ചിന്തിക്കണം. യുദ്ധമുഖത്തുള്ള സൈനികര്‍ ഇവിടെ സംഭവിച്ചതും ചീഫ് ഓഫ് സ്റ്റാഫിനെ ആക്രമിച്ചതും സംബന്ധിച്ച് കേള്‍ക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നായിരുന്നു മറ്റൊരു മന്ത്രിയുടെ പ്രതികരണം. ചിലപ്പോള്‍ മന്ത്രിമാരുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയോട് പറഞ്ഞുകൊണ്ടാണ് നെതന്യാഹു യോഗം പിരിച്ചുവിട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സൈന്യത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ആക്രമിക്കാന്‍ അവസരം നല്‍കിയെന്നുമാണ് ആരോപണം. ഒരു യുദ്ധഘട്ടത്തില്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ ചീഫ് ഓഫ് സ്റ്റാഫിനോട് ഇത്തരത്തില്‍ സംസാരിക്കുകയും പ്രധാനമന്ത്രി നിശബ്ദനായി നോക്കിനില്‍ക്കുന്നതും ആദ്യമാണ്. ഐഡിഎഫിനും ചീഫ് ഓഫ് സ്റ്റാഫിനുമെതിരേ സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ആക്രമണം ഇസ്രായേല്‍ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് നല്‍കിയത്.
അതിനിടെ, യുദ്ധാനന്തരം ഗയിലെ പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതിയും യോഗത്തില്‍ അവതരിപ്പിച്ചു. അറബ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ ബഹുരാഷ്ട്ര കൂട്ടായ്മ ഒരുക്കുമെന്നാണ് യുദ്ധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയത്. ഭരണം ഹമാസിനെ ഏല്‍പിക്കില്ല. അവര്‍ക്ക് ഗസയില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ല. യുദ്ധാനന്തര ഗസയിലെ കാര്യങ്ങളില്‍ ഇസ്രായേലിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാല്‍, ഇസ്രായേലി കുടിയേറ്റം ഉണ്ടാവില്ല. ഗസ നിവാസികള്‍ ഫലസ്തീനികളാണ്. അതിനാല്‍ ഇസ്രായേലിനെതിരേ ശത്രുതാപരമായ നടപടികളോ ഭീഷണികളോ ഉണ്ടാവില്ലെന്ന വ്യവസ്ഥയോടെ ഫലസ്തീനികള്‍ക്കായിരിക്കും ഭരണച്ചുമതല നല്‍കുകയെന്നും ഗാലന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേലിന്റെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ഈജിപ്തും ഇസ്രായേലും യുഎസും ചേര്‍ന്ന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ വെസ്റ്റ് ബാങ്കിലേതുപോലെ ഏത് സമയവും ഗസയില്‍ എവിടെയും ഇസ്രായേല്‍ സൈന്യത്തിന് പരിശോധന നടത്താനാവും. തങ്ങളുടെ മുന്നിലുള്ള നിരവധി പദ്ധതികളില്‍ ഒന്നാണിത്. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും ഗാലന്റ് പറഞ്ഞു.