തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതില്‍ പജായപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേല്‍ സൈന്യത്തിലെ ഇന്റലിജന്‍സ് മേധാവി രാജിവച്ചു. മേജര്‍ ജനറല്‍ അഹറോണ്‍ ഹാലിവയാണ് രാജിവച്ചത്. ഗസയ്ക്കു നേരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ആറു മാസം പിന്നിടുമ്പോള്‍ രാജിവയ്ക്കുന്ന ആദ്യത്തെ ഉന്നത സൈനിക മേധാവിയാണ് ഹാലിവ. യുദ്ധം തുടരുന്നതു സംബന്ധിച്ച് ഇസ്രായേല്‍ ഭരണകൂടത്തിലുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നും റിപോര്‍ട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെയും അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെയും എതിര്‍പ്പ് മറികടന്നും യുദ്ധം തുടരാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയാണ് മേജര്‍ ജനറല്‍ അഹരോണ്‍ ഹലവിയുടെ രാജിക്കു പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇന്റലിജന്‍സ് മേധാവി രാജിവച്ചേക്കുമെന്ന് ഇസ്രായേലി എഴുത്തുകാരിയും ഹാരെറ്റ്‌സ് പത്രത്തിലെ മുന്‍ കോളമിസ്റ്റുമായ അകിവ എല്‍ദാര്‍ ഈയിടെ സൂചിപ്പിച്ചിരുന്നു. തൂഫാനുല്‍ അഖ്‌സയ്ക്കിടെ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയ ബന്ദികളെ കണ്ടെത്താനോ മോചിപ്പിക്കാനോ കഴിയാത്തത് ഇസ്രായേലില്‍ വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ഇതിനിടെയാണ്, ബന്ദികളെ ഇസ്രായേലിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നു മനസ്സിലാക്കി ഉന്നത സൈനിക മേധാവി രാജിവച്ചതെന്നാണ് അകിവ എല്‍ദാര്‍ പറയുന്നത്. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം അവരുടെ ചുമതല നിറവേറ്റിയില്ലെന്നു പറഞ്ഞാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്.
Full View
ഹമാസിന്റെ ആക്രമണ പദ്ധതികള്‍ സംബന്ധിച്ച രേഖ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വര്‍ഷം മുമ്പ് ലഭിച്ചിരുന്നു. ആക്രമണത്തിന് മുമ്പുള്ള ആഴ്ചകളിലും മാസങ്ങളിലും ഗസയ്ക്ക് ചുറ്റുമുള്ള ടവറുകളില്‍ നിന്ന് നിരീക്ഷിച്ച ഇസ്രായേലി സൈനികര്‍ ഹമാസ് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നത് കണ്ടതായും വ്യക്തമായിരുന്നു. എന്നാല്‍, ഇസ്രയേലിനെതിരേ ആക്രമണം നടത്താന്‍ ഹമാസിന് താല്‍പ്പര്യമില്ലെന്ന വിശ്വാസം ഉണ്ടായിരുന്നതിനാല്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഏറ്റവും ഉയര്‍ന്ന തലങ്ങളിലുള്ളവര്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. സൈനിക ഇന്റലിജന്‍സ് മേധാവിയുടെ രാജി ഇസ്രായേലില്‍ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ കാരണമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുദ്ധ കാബിനറ്റ് അംഗങ്ങളായ ബെന്നി ഗാന്റ്‌സിനും ഗാഡി ഐസെന്‍കോട്ടിനും സമ്മര്‍ദ്ദം ശക്തമാക്കുമെന്നും അതിനെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്നും എല്‍ദാര്‍ ചൂണ്ടിക്കാട്ടി. മിലിട്ടറി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ഹലീവയുടെ രാജി നീതിയുക്തവും മാന്യമായതുമാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. ഇതിനെ മാതൃകയാക്കാന്‍ അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. നൈതന്യാഹു സര്‍ക്കാരില്‍ ഇസ്രായേലികള്‍ക്കുള്ള പിന്തുണ വന്‍ തോതില്‍ കുറഞ്ഞതായും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇസ്രായേലിലെ യെദിയോട്ട് അഹ്‌റോനോത്ത് മീഡിയ ഔട്ട്‌ലെറ്റും റീച്ച്മാന്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫ്രീഡം ആന്റ് റെസ്‌പോണ്‍സിബിലിറ്റിയും നടത്തിയ പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ 85 ശതമാനം ഇസ്രായേലികളും നെതന്യാഹു സര്‍ക്കാരില്‍ വിശ്വാസമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 64 ശതമാനം ഇസ്രായേലികളും തങ്ങളുടെ രാജ്യം അസ്തിത്വ ഭീഷണി നേരിടുന്നതായും 65 ശതമാനം പേരും യുദ്ധം തുടങ്ങിയ ശേഷം നന്നായി ഉറങ്ങുന്നില്ലെന്നും സര്‍വേയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 73 ശതമാനം ഇസ്രായേലികളും ഉത്കണ്ഠാകുലരാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.