ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ അന്വേഷണത്തിന്റെ മറവില്‍ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ വേട്ടയാടി കേന്ദ്രം
2002ലെ ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ പങ്ക് പുറത്തുകൊണ്ടുവരികയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരേ മൊഴി നല്‍കുകയും ചെയ്തതോടെയാണ് ആര്‍ ബി ശ്രീകുമാര്‍ കണ്ണിലെ കരടായി മാറിയത്.
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച സിബിഐ അന്വേഷണത്തിന്റെ മറവില്‍ സംഘപരിവാറിന് തലവേദന സൃഷ്ടിച്ച ഉദ്യോഗസ്ഥരെ തുറുങ്കിലടച്ച് നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണതയിലെത്തുന്നു. മുന്‍ ഐബി ഉദ്യോഗസ്ഥനും മുന്‍ ഗുജറാത്ത് ഡിജിപിയുമായ ആര്‍ ബി ശ്രീകുമാറിനെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച മികച്ച അവസരമായിരുന്നു ഐഎസ്ആര്‍ഐ ചാരക്കേസ്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ പങ്ക് പുറത്തുകൊണ്ടുവരികയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരേ മൊഴി നല്‍കുകയും ചെയ്തതോടെയാണ് ആര്‍ ബി ശ്രീകുമാര്‍ അവരുടെയൊക്കെ കണ്ണിലെ കരടായി മാറിയത്.
ചാരക്കേസ് ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി ഉത്തരവ് പുറത്തുവന്നത് മുതല്‍ ആര്‍ ബി ശ്രീകുമാറിനെതിരേയുള്ള നീക്കങ്ങള്‍ കേന്ദ്രം ശക്തമാക്കിയിരുന്നു. ചാരക്കേസ് സമയത്ത് കേരളത്തിലെ ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാറിനെതിരേ ക്രിമിനല്‍ കേസെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു ലക്ഷ്യം. ചാരക്കേസില്‍ ആര്‍ ബി ശ്രീകുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നതും ഇതിന്റെ ഭാഗമാണ്. 2013ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് തന്നെ കുടുക്കിയതില്‍ ആര്‍ ബി ശ്രീകുമാറിനു പങ്കുണ്ടെന്നാണ്. ഈ പരാതി പൊടിതട്ടിയെടുത്ത് അന്വേഷണം ആര്‍ ബി ശ്രീകുമാറിലേക്ക് ബന്ധിപ്പിക്കുകയാണ്.
ഇപ്പോള്‍ ആര്‍ ബി ശ്രീകുമാറിനെ ഏഴാം പ്രതിയാക്കിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പേട്ട സിഐ ആയിരുന്ന എസ് വിജയന്‍ ഒന്നാം പ്രതിയും സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വ അഞ്ചാം പ്രതിയുമാണ്. നമ്പി നാരായണനെ കേസില്‍പെടുത്തിയത് താനാണെന്ന് സ്ഥാപിച്ച് ക്രിമിനല്‍ കേസെടുക്കാനാണ് ശ്രമം നടക്കുന്നതെന്നും ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാറിന്റെ പങ്ക് കണ്ടെത്തിയതാണ് പകവീട്ടലിനു കാരണമെന്നും മുന്‍ ഗുജറാത്ത് ഡിജിപി കൂടിയായ ആര്‍ ബി ശ്രീകുമാര്‍ സ്വകാര്യചാനലിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് തന്നോടൊപ്പം പ്രവര്‍ത്തിച്ച സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചതുപോലെ തന്നെയും വേട്ടയാടാനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
നമ്പി നാരായണനുമായോ കേസുമായോ ഒരു ബന്ധവുമില്ല. നമ്പി നാരായണനെ കണ്ടിട്ടുപോലുമില്ല. നമ്പി നാരായണനെ താന്‍ ചോദ്യംചെയ്തിട്ടുമില്ല. അറസ്റ്റുചെയ്തിട്ടില്ല. അന്വേഷണമുണ്ടായാല്‍ത്തന്നെ ഭയമില്ല. ഞാനൊരു തെറ്റുംചെയ്തിട്ടില്ല. ഒരിടത്തും ഒരിക്കല്‍പ്പോലും വകുപ്പുതല നടപടികള്‍ നേരിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാരുകള്‍ക്ക് ഇഷ്ടപ്പെട്ട റിപോര്‍ട്ട് എഴുതിക്കൊടുക്കാനാവില്ല. ന്യായമായ കാര്യങ്ങളേ ചെയ്തിട്ടുള്ളൂ- ഇതായിരുന്നു ആര്‍ ബി ശ്രീകുമാര്‍ തനിക്കെതിരായ കേന്ദ്രനീക്കങ്ങളെക്കുറിച്ച് നേരത്തെ പ്രതികരിച്ചത്.
സിബിഐ അന്വേഷണത്തിന്റെ മറവില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കേരള പോലിസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കം. അക്കാലത്ത് ഐബിയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആര്‍ ബി ശ്രീകുമാര്‍. ഗോധ്ര കൂട്ടക്കൊല നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് എഡിജിപിയയിരുന്നു അദ്ദേഹം. അതുമായി ബന്ധപ്പെട്ട പല റിപോര്‍ട്ടുകള്‍ അദ്ദേഹം കോടതികളില്‍ സമര്‍പ്പിക്കുകയും പുസ്തകം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തന്നെ വേട്ടയാടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സിബിഐയെ ഉപയോഗിച്ച് അന്വേഷണം തന്നിലേക്കെത്തിക്കാനാണ് ശ്രമം.
മൂന്ന് ഉദ്യോഗസ്ഥരാണ് ഗുജറാത്ത് വംശഹത്യയെക്കുറിച്ചും നരേന്ദ്രമോദിക്കെതിരേയും റിപോര്‍ട്ട് നല്‍കിയത്. അതിലൊരാളായ സഞ്ജയ് ഭട്ടിനെ പഴയൊരു കേസ് കുത്തിപ്പൊക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അടുത്തത് താനാണ്. തനിക്കെതിരെയാണ് ഈ അന്വേഷണം വരുന്നതെന്നും ശ്രീകുമാര്‍ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ജയിന്‍ സമിതി റിപോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 2018 സപ്തംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിം കോടതി രൂപം നല്‍കിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയിലുള്ളത്. 2020 ഡിസംബര്‍ 14, 15 തിയ്യതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുകയും നമ്പി നാരായണന്റെ ഭാഗം വിശദമായി കേള്‍ക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ജയിന്‍ ഒരിക്കല്‍പ്പോലും കേരളത്തില്‍ വന്നില്ല.
ആരോപണവിധേയരായ മൂന്നുപേരെയും അദ്ദേഹമോ മറ്റംഗങ്ങളോ കേട്ടില്ല. വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഹര്‍ജിക്കാരന്റെ മാത്രം മൊഴിയെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിച്ചാണ് തുടരന്വേഷണ വിധി. ജയിന്‍ സമിതി റിപോര്‍ട്ടിന്റെ പകര്‍പ്പ് സിബി മാത്യൂസും മറ്റും ആവശ്യപ്പെട്ടെങ്കിലും കോടതി നല്‍കിയില്ല. റിപോര്‍ട്ട് ഏകപക്ഷീയമായാണ് തയ്യാറാക്കിയതെന്ന ആരോപണവിധേയരുടെ പരാതിയും ശക്തമായി നിലനില്‍ക്കുകയാണ്.