ജയ് ശ്രീറാം വിളിച്ചില്ല: ക്രൂരമര്‍ദ്ദനമേറ്റ യാദവ കുടുംബത്തെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ചു
ഗാസിയാബാദിലെ വികാസ് കോളനി നിവാസികളായ ബിട്ടു കുമാര്‍ യാദവ്, സ്വപ്‌ന പ്രിയ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഹിന്ദുത്വര്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ യാദവ കുടുംബത്തെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ച് നിയമസഹായം വാഗ്ദാനം ചെയ്തു.
ഗാസിയാബാദിലെ വികാസ് കോളനി നിവാസികളായ ബിട്ടു കുമാര്‍ യാദവ്, സ്വപ്‌ന പ്രിയ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കോളജ് കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ സമീപപ്രദേശത്തുള്ള ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ സ്വപ്‌ന പ്രിയയെ തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീറാം വിളിക്കാന്‍ കല്‍പിക്കുകയുമായിരുന്നു. ഇതു നിരസിച്ച സ്വപ്‌ന പ്രിയ താന്‍ ജയ് ഭീം മാത്രമേ വിളിക്കൂ എന്നറിയിച്ചതോടെ ക്രൂരമായി സംഘം മര്‍ദ്ദിക്കുകയായിരുന്നു.
ഒരു വിധം രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ സംഘം ജോലി കഴിഞ്ഞെത്തിയ സഹോദരന്‍ ബിട്ടു കുമാര്‍ യാദവിനേയും ഇതേ ആവശ്യമുന്നയിച്ച് വീടുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സ്വ്പന പ്രിയ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. പിന്നാക്ക വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള മേഖലയാണെങ്കിലും ഭയംമൂലം ആക്രമി സംഘത്തെ തടയാനോ പിന്തുണ നല്‍കാനോ ആരും മുന്നോട്ട് വന്നില്ലെന്ന് തങ്ങളെ സന്ദര്‍ശിച്ച എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘത്തോട് കുടുംബം വെളിപ്പെടുത്തി.
എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ സത്താര്‍ തമിഴ്‌നാട്, സഹീര്‍ അബ്ബാസ് കേരളം, ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി സി കപില്‍, മുഹമ്മദ് ഇല്യാസ്, മുഫ്തി ഇര്‍ഷാദ് മാസ്റ്റര്‍, മഹബൂബ് മുഹമ്മദ് ത്വയ്യിബ് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.