തിരുവനന്തപുരം: ജയില്‍ മോചനത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയ 33 തടവുകാരുടെ പട്ടികയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരും.
എട്ട് സിപിഎമ്മുകാര്‍ ഉള്‍പ്പെടെ 14 പേര്‍ രാഷ്ട്രീയ തടവുകാരാണ്. ബാക്കി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ് ഇവര്‍. സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ബിജെപിക്കാരും ബിജെപിക്കാരെ കൊലപ്പെടുത്തിയ സിപിഎമ്മുകാരും പട്ടികയിലുണ്ട്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് പുറമെ, കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതി തമ്ബിയെയും വിട്ടയക്കാന്‍ ശിപാര്‍ശയുണ്ട്. ജയില്‍ ഉപദേശക സമിതിയുടെ അനുമതി തേടാതെ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് ഇവരെ വിട്ടയക്കാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. കുപ്രസിദ്ധ കേസുകളില്‍ ഉള്‍പ്പെട്ട തടവുകാര്‍ പട്ടികയിലുള്ളതിനാല്‍ ഗവര്‍ണര്‍ നിയമോപദേശം തേടി.
സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ മൂന്നുദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. അതിനാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കും. പട്ടികയില്‍ 33 പേരെ ഉള്‍പ്പെടുത്തിയതിന്റെ മാനദണ്ഡങ്ങളും രാജ്ഭവന്‍ പരിശോധിക്കും. കൊലപാതക കേസുകള്‍ക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിരവധി തടവുകാരുണ്ടെങ്കിലും അവര്‍ക്ക് പകരം വിവാദ കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടിയവരെ മോചനത്തിന് പരിഗണിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ലംഘിക്കപ്പെട്ടു.