പ്ലാസ്മ ദാനം ചെയ്യാന്‍ ഒരുങ്ങി കൊറോണ വിമുക്തരായ തബ്‌ലീഗ് പ്രവര്‍ത്തകര്‍
ഡല്‍ഹി തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ച ചികില്‍സയിലായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകരാണ് പ്ലാസ്മ തെറാപ്പി ക്ലിനിക്കല്‍ ട്രയലിനായി പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
ചെന്നൈ: കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികില്‍സിക്കാന്‍ പ്ലാസ്മ ദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് കൊറോണ വിമുക്തരായ ഒരുകൂട്ടം തബ്‌ലീഗ് പ്രവര്‍ത്തകര്‍. ഡല്‍ഹി തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ച ചികില്‍സയിലായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകരാണ് പ്ലാസ്മ തെറാപ്പി ക്ലിനിക്കല്‍ ട്രയലിനായി പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ സഹായിക്കാനുള്ള ആഗ്രഹത്തിനൊപ്പം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയുണ്ടായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ പ്രതിരോധിക്കുകയുമാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.
38കാരനായ തിരുപ്പൂരില്‍നിന്നുള്ള വ്യവസായി മുഹമ്മദ് അബ്ബാസിനെ ഞായറാഴ്ച കോയമ്പത്തൂരിലെ ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിനു പിന്നാലെ താന്‍ ജില്ലാ ഭരണാധികാരികളെയും ആശുപത്രി ഡീനെയും കണ്ട്
തന്റെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായും ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്ന് വ്യക്തമാക്കുകയും ചെയ്തതായി അദ്ദേഹം എക്‌സ്പ്രസിനോട് പറഞ്ഞു. താന്‍ ഡിസ്ചാര്‍ജ് ആയിട്ട് ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും രോഗവിമുക്തരായ നിരവധി തബ്‌ലീഗ് പ്രവര്‍ത്തകരോട് ഇതിനകം സംസാരിച്ചതായും എല്ലാവരും പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധയില്‍നിന്നു പൂര്‍ണമായി സുഖംപ്രാപിച്ചവരില്‍നിന്ന് പ്ലാസ്മ ശേഖരിക്കുകയും നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളെ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പ്ലാസ്മ തെറാപ്പി. പൂര്‍ണ്ണമായി സുഖം പ്രാപിച്ചവരുടെ പ്ലാസ്മയില്‍ കൊവിഡ് 19 ആന്റിബോഡികള്‍ ഉണ്ടെന്നും ഇത് വൈറസ് ബാധമൂലം ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായിക്കുമെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.