ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനിയെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു
ലഖ്‌നോ: അനധികൃതമായി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന് ആരോപിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റും ഹലാല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മൗലാനാ മഹ്മൂദ് മദനിയെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു. ലഖ്‌നോവിലെ എസ്ടിഎഫ് ആസ്ഥാനത്ത് ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹികളായ നാലുപേരെ ഉത്തര്‍പ്രദേശ് പോലിസ് മുംബൈയിലെത്തി അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് മൗലാന ഹബീബ് യൂസുഫ് പട്ടേല്‍, വൈസ് പ്രസിഡന്റ് മൗലാനാ മൊയ്ദ്ഷീര്‍ സപാദിയ, ജനറല്‍ സെക്രട്ടറി മുഹമ്മദ് താഹിര്‍ സക്കീര്‍ ഹുസയ്ന്‍ ചൗഹാന്‍, ഖജാന്‍ജി മുഹമ്മദ് അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് മഹ് മൂദ് മദനിയെയും ചോദ്യം ചെയ്തത്. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്റെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെയോ അനുമതിയില്ലാതെ മാംസത്തിനും ഇതര ഉല്‍പ്പന്നങ്ങള്‍ക്കും നിയമവിരുദ്ധമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുവെന്നാണ് യുപി പോലിസിന്റെ ആരോപണം. മതപരമായ ഹലാല്‍ നിര്‍ണയ സംവിധാനത്തില്‍ ഇടപെടുന്നതിനെതിരേ സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശം മറികടന്നാണ് പോലിസ് നടപടി. യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധനത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടഞ്ഞിരുന്നു.
കേസില്‍ മഹമൂദ് മദനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ച് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജമിയത്ത് ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ എട്ട് ഏജന്‍സികള്‍ക്കെതിരേ 2023 നവംബറില്‍ കേസെടുത്തിരുന്നു. വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി മതവികാരം മുതലെടുത്ത് സാമ്പത്തിക ലാഭം നേടിയെന്നായിരുന്നു ആരോപണം.