ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പും പീഡനത്തിനിരയായി, പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
രണ്ടു വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടതായി കായക്കൊടി സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും അവരുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കുമെന്നും പോലിസ് അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി നേരത്തേയും പീഡനത്തിനിരയായി. രണ്ടു വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടതായി കായക്കൊടി സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും അവരുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കുമെന്നും പോലിസ് അറിയിച്ചു.
പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാമുകന് പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും ലഹരി കലര്‍ന്ന പാനീയം നല്‍കിയാണ് ബലാല്‍സംഗം ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കൂടുതല്‍ പേര് പീഡിപ്പിച്ചെന്ന വിവരം പുറത്തു വരുന്നത്. 2019ല്‍ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വച്ച് കണ്ടാലറിയാവുന്ന രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴി പോലിസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. പോക്സോ, ദലിതര്‍ക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് പുതിയ കേസിലും ചുമത്തിയിട്ടുള്ളത്.