രാജസ്ഥാന്‍: ഗുജ്ജാര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ സംവരണ ആവശ്യം പുതുക്കി മുസ്‌ലിംകളും ജാട്ടുകളും

പിന്നാക്ക മുസ്‌ലിം ജാതികള്‍ക്ക് 10 ശതമാനം ക്വാട്ട ആവശ്യപ്പെട്ട് മുസ്ലിം ന്യൂനപക്ഷ വികസന സമിതി (എംഎംഡിസി) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി

Update: 2020-11-10 15:22 GMT

ജെയ്പൂര്‍: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജാറുകളുടെ പ്രക്ഷോഭങ്ങള്‍ക്കിടെ സംവരണ ആവശ്യം പുതുക്കി രാജസ്ഥാനിലെ മുസ്‌ലിം, ജാട്ട് സമുദായങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകള്‍.

പിന്നാക്ക മുസ്‌ലിം ജാതികള്‍ക്ക് 10 ശതമാനം ക്വാട്ട ആവശ്യപ്പെട്ട് മുസ്ലിം ന്യൂനപക്ഷ വികസന സമിതി (എംഎംഡിസി) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും സാമൂഹിക പിന്നാക്കാവസ്ഥയിലും മറ്റ് ഒബിസികളേക്കാള്‍  ഏറെ പിന്നിലാണ് മുസ്‌ലിം ഒബിസിയെന്നും വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും മുസ്ലിം ഒബിസികള്‍ക്ക് കര്‍ണാടകയുടെ മാതൃകയില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും എംഎംഡിസി സെക്രട്ടറി ജനറല്‍ യൂനുസ് അലി ഖാന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ചൊവ്വാഴ്ച ഗുജ്ജാറുകളുടെ സംവരണ പ്രക്ഷോഭം പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്നലെ ഗുജ്ജാര്‍ സമുദായത്തിലെ അംഗങ്ങള്‍ പിലുപുരയിലെ ഡല്‍ഹി-മുംബൈ റെയില്‍ പാതയും ഹിന്ദാന്‍-ബയാന റോഡും ഉപരോധിച്ചു. നേതാക്കളും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭരത്പൂര്‍, ധോല്‍പൂര്‍ ജില്ലകളിലെ ജാട്ട് സമുദായത്തിലെ നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ 'മഹാപഞ്ചായത്തുകള്‍' നടത്താന്‍ തീരുമാനിച്ചു.ഈ മീറ്റിംഗുകളില്‍ ആദ്യത്തേത് നവംബര്‍ 18 ന് ഭരത്പൂര്‍ ജില്ലയിലെ പഥേന ഗ്രാമത്തില്‍ നടക്കും.

Tags:    

Similar News