ജെസി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടിവി ചന്ദ്രന്

Update: 2023-07-29 11:17 GMT

തിരുവനന്തപുരം: സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ നേരത്തേ ടി വി ചന്ദ്രന് ലഭിച്ചിട്ടുണ്ട്. പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ ഇദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

    റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് സിനിമാ മേഖലയിലെത്തിയ ടി വി ചന്ദ്രന്‍ വിഖ്യാത സംവിധായകന്‍ പിഎ ബക്കറിന്റെ അസിസ്റ്റന്റായാണ് തുടക്കം കുറിച്ചത്. പവിത്രന്‍ നിര്‍മിച്ചു ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലെ നായകനായും വേഷമിട്ടിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ആലീസിന്റെ അന്വേഷണം, ഹേമാവിന്‍ കാതലര്‍കള്‍, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് എടുത്ത കഥാവശേഷന്‍, ആടും കൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം തുടങ്ങിയവ ടി വി ചന്ദ്രന്റെ പ്രധാന ചിത്രങ്ങളാണ്. 2019ല്‍ പെങ്ങളില എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.

Tags:    

Similar News